Friday 22nd of November 2019

അമൃത് മഴവെള്ള സംഭരണ പദ്ധതിക്ക് തുടക്കം

Category: Kollam Published: Friday, 01 November 2019
 
 
കൊല്ലം:  ജലക്ഷാമം നേരിടുന്നതിന് കൊല്ലം കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച അമൃത് മഴവെള്ള സംഭരണ പദ്ധതിക്ക് തുടക്കമായി. മങ്ങാട് ഗവണ്‍മെന്റ് എച്ച് എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ വി രാജേന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിച്ചു.
 
പ്രകൃതിയുടെ വരദാനമായ ജലം സംരക്ഷിക്കാതെ പൊതുസമൂഹത്തിന് ഇനി മുന്നോട്ട് പോകാന്‍ ആവില്ലെന്ന് മേയര്‍ പറഞ്ഞു. മഴവെള്ളത്തെ സംഭരിച്ച് പുനരുപയോഗിക്കുന്ന രീതി കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ ഭവനങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യം. നാലായിരം ഭവനങ്ങളില്‍ ആദ്യഘട്ടമെന്ന നിലയില്‍ സംവിധാനം ലഭ്യമാക്കുമെന്നും മേയര്‍ പറഞ്ഞു.
 
5.34 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 12,700 രൂപയാണ് ഒരു യൂണിറ്റിന്റെ ചെലവ്. ഗുണഭോക്താവ് 3,255 രൂപ വിഹിതമായി നല്‍കിയാല്‍ മതിയാകും. 75 ശതമാനം സര്‍ക്കാര്‍ സബ്സിഡി എന്നതാണ് പ്രത്യേകത. മേല്‍ക്കൂരയില്‍ നിന്ന് മഴവെള്ളത്തെ പൈപ്പിലൂടെ ഫില്‍റ്റര്‍ ചെയ്ത് സംഭരണ ടാങ്കിലേക്ക് ശേഖരിക്കുകയാണ് രീതി. ഈ വെള്ളം ടാപ്പ് വഴി വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ടാങ്കിലേക്ക് അധികമായി എത്തുന്ന ജലത്തെ കിണര്‍ റീചാര്‍ജിംഗിനായി ഉപയോഗിക്കുന്നതിനും സംവിധാനമുണ്ട്.
 
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം എ സത്താര്‍, എസ് ഗീതാകുമാരി, പി ജെ രാജേന്ദ്രന്‍, ചിന്ത എല്‍ സജിത്ത്, ടി ആര്‍ സന്തോഷ് കുമാര്‍, കൗണ്‍സിലര്‍മാരായ എസ് പ്രസന്നന്‍, മോഹനന്‍, ചന്ദ്രികാ ദേവി, പദ്ധതി നിര്‍വഹണ ഏജന്‍സിയായ സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.