Thursday 21st of November 2019

കൊല്ലം കോര്‍പ്പറേഷന്‍ കാര്‍ഷിക കര്‍മ്മസേന ഓഫീസ് തുറന്നു

Category: Kollam Published: Monday, 14 October 2019
കൊല്ലം: നഗര മേഖലയിലെ കാര്‍ഷിക സംരംഭങ്ങളില്‍ സംസ്ഥാനത്ത് ശ്രദ്ധേയമായ നേട്ടം കൊയ്ത കൊല്ലം കോര്‍പ്പറേഷനിലെ കാര്‍ഷിക കര്‍മ്മസേനയ്ക്ക് ഓഫീസ് തുറന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം കോംപ്ലക്സില്‍ ആരംഭിച്ച പുതിയ ഓഫീസ് മേയര്‍ അഡ്വ വി രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു.
 
ഹരിത നഗരമെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് കാര്‍ഷിക കര്‍മ്മസേന നിര്‍ണായക സംഭാവന നല്‍കുന്നതായി മേയര്‍  പറഞ്ഞു. 50 വര്‍ഷമായി തരിശു കിടന്ന അറുന്നൂറ്റി മംഗലം ഏല, ഇരവിപുരം കാരിക്കുഴി ഏല, കൊറ്റങ്കര ഏല തുടങ്ങിയ ഇടങ്ങളില്‍ കൃഷിയിറക്കുന്നതിന് കര്‍മ്മസേനയുടെ സാങ്കേതിക വൈദഗ്ധ്യവും തൊഴിലാളികളും സഹായകമായി. ഗ്രോബാഗ് കൃഷി വ്യാപനത്തിലും കാര്‍ഷിക കര്‍മ്മ സേനയാണ് നേതൃത്വം നല്‍കിയത്. 10 ലക്ഷം രൂപ ലാഭത്തിലേക്ക് കാര്‍ഷിക കൂട്ടായ്മയ്ക്ക് വളരാന്‍ കഴിഞ്ഞത് പ്രതീക്ഷ നല്‍കുന്നതായി മേയര്‍ പറഞ്ഞു.
 
തിരിനനപദ്ധതി ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. കര്‍മ്മസേന പ്രസിഡന്റ് സാംബന്‍ കെ. ഓട്ടുപുരയില്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സത്താര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ജെ. രാജേന്ദ്രന്‍, ചിന്ത എല്‍. സജിത്ത്, അഡ്വ. ഷീബ ആന്റണി, ടി.ആര്‍. സന്തോഷ്‌കുമാര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിബി ജോസഫ് പേരയില്‍, കര്‍മ്മസേന സെക്രട്ടറി എന്‍. ജവഹര്‍ലാല്‍, കോ-ഓര്‍ഡിനേറ്റര്‍ ഡി. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.