Saturday 24th of August 2019

മഴക്കെടുതി: സഹായ പ്രവാഹം തുടരുന്നു

Category: Kollam Published: Tuesday, 13 August 2019
 
 
കൊല്ലം:  മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കൊല്ലത്ത് നിന്നുള്ള സഹായ പ്രവാഹം തുടരുന്നു. ആദ്യ ദിവസം രണ്ട് വാഹനങ്ങള്‍ നിറയെ സഹായ വസ്തുക്കളാണ് പുറപ്പെട്ടതെങ്കില്‍ ഇന്നലെ വാഹനങ്ങളുടെ എണ്ണം മൂന്നായി ഉയരുകയായിരുന്നു. കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിലേക്ക് വീണ്ടും ലോഡ് അയച്ചതിന് പുറമേ വയനാട്ടിലേക്കും വാഹനം അയക്കാനായി. 
 
ആവശ്യങ്ങള്‍ മുന്‍നിറുത്തി മുന്‍ഗണനാ ക്രമത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തയ്യാറാക്കിയ പട്ടിക പ്രകാരമാണ് ആശ്വാസ വസ്തുക്കള്‍ പ്രധാന ശേഖരണ കേന്ദ്രമായ ടി. എം. വര്‍ഗീസ് ഹാളിലേക്ക് എത്തിക്കുന്നത്. ഏതൊക്കെയാണ് വേണ്ടതെന്ന് നേരിട്ടും സന്ദേശങ്ങള്‍ മുഖേനയും പ്രചരിപ്പിച്ചാണ് ഇതു സാധ്യമാക്കിയത്. 
 
ക്ലീനിംഗ് മോപ്പ് - ബ്രഷ്, ഗ്ലൗസ്, ബ്ലീച്ചിംഗ് പൗഡര്‍, മാസ്‌ക്, ബക്കറ്റ്, കാലുറ എന്നിവയുടെ ആവശ്യകത നിലനില്‍ക്കുകയാണ് എന്ന് കലക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ 500ലധികം വരുന്ന കൂട്ടായ്മ സന്നദ്ധസേവനത്തിനായി സജീവമാണ്. കേന്ദ്രത്തിലേക്ക് എത്തിക്കുന്ന വസ്തുക്കള്‍ തരം തിരിക്കുന്നത് മുതല്‍ അവ വാഹനങ്ങളിലേക്ക് കയറ്റുന്നതും യുവസംഘം. ഓരോ ഉത്പന്നത്തിന്റേയും കാലാവധി പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് കയറ്റി അയക്കുന്നത്. 
 
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അവശ്യ മരുന്നുകളുടെ വലിയ ശേഖരവും ലഭ്യമാക്കി. മെഴുകുതിരിയും തീപ്പെട്ടിയും മുതല്‍ അണുവിമുക്തിക്കുള്ള ഡെറ്റോള്‍ വരെയും ലോഷനും ചൂലും പായും പുതപ്പുകളും അടക്കം ക്യാമ്പുകളിലേക്ക് ആവശ്യമുള്ളവയെല്ലാം സുമനസ്സുകള്‍ എത്തിക്കുകയാണ്. 
 
താലൂക്ക്തല ശേഖരണകേന്ദ്രങ്ങളില്‍ നിന്നുള്ള സഹായവസ്തുക്കളും സന്നദ്ധസംഘടനകളും കോളജ് വിദ്യാര്‍ഥികളും ക്ലബ്ബുകളും സമാഹരിക്കുന്നവയും ഇവിടെ ആവശ്യാനുസരണം എത്തിക്കുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നത് തുടരും. 
കെ സോമപ്രസാദ് എം പി വിതരണ കേന്ദ്രം സന്ദര്‍ശിച്ചു സഹായ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. അസിസ്റ്റന്റ് കലക്ടര്‍ മാമോനി ഡോലെ, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍, നെഹ്റു യുവകേന്ദ്ര വൊളന്റിയര്‍മാര്‍, നാഷനല്‍ സര്‍വീസ് സ്‌കീം, വിവിധ  സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ പ്രതിനിധികളാണ് രാപകല്‍ പ്രവര്‍ത്തിക്കുന്നത്. 
 

വെളിച്ചമെത്തിക്കാന്‍ എഞ്ചിനീയറിംഗ് സംഘം

 
വൈദ്യുതി ബന്ധം ഏതാണ്ട് പൂര്‍ണമായും തകരാറിലായ മഴദുരിതബാധിത മേഖലകളില്‍ വെളിച്ചമെത്തിക്കാന്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യവുമായി വിദ്യാര്‍ഥി സംഘം. ടി കെ എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കുട്ടികളാണ് അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറു ലൈറ്റുകള്‍ രൂപകല്‍പന ചെയ്തത്. 
 
എല്‍ ഇ ഡി ബള്‍ബുകള്‍ ഉറപ്പിച്ച എമര്‍ജന്‍സി ലൈറ്റുകളാണിവ. മിനി ലാംപുകള്‍ക്ക് ചെലവും തീരെ കുറവ്. സംവിധാനത്തിനായി ആകെ വേണ്ടത് മൂന്ന് എല്‍ ഇ ഡി ബള്‍ബ്, രണ്ടു ക്ലോക്ക് ബാറ്ററി എന്നിവ മാത്രം. ഇവ രണ്ടും ഒരു ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് വയര്‍ കണക്ട് ചെയ്താല്‍ ലൈറ്റ് കത്തും. സ്വിച്ച് ഇല്ലാതെയാണ് പ്രവര്‍ത്തനം. 
 
രണ്ടു ദിവസം പ്രകാശിക്കുന്ന ലൈറ്റാണ് വികസിപ്പിച്ചിരിക്കുന്നത്. ഇവ സൗജന്യമായി വടക്കന്‍ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ആദ്യം കൈമാറുന്നത്. നൂറ് എണ്ണം തുടക്കത്തിലും കൂടുതല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കും നല്‍കും. ഇവ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പവര്‍ ബാങ്കുകളും നിര്‍മിച്ചു നല്‍കാനാണ് കൂട്ടായ്മയുടെ തീരുമാനം.   
 

മിഷന്‍ റീകണക്ട് വീണ്ടും പ്രളയബാധിത മേഖലകളിലേക്ക്

 
മഴക്കെടുതി മൂലം തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കൊല്ലത്തു നിന്നും കെ എസ് ഇ ബി സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടു. 21 ലക്ഷത്തില്‍പ്പരം വൈദ്യുതി കണക്ഷനുകളാണ് വടക്കന്‍ ജില്ലകളില്‍ തകരാറിലായത്. ഇത് പരിഹരിക്കാന്‍ മിഷന്‍ റീകണക്ട് 2019 എന്ന കെ എസ് ഇ ബി യുടെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചുവരുന്നു. 
 
ഇവരുടെ നിര്‍ദേശ പ്രകാരം  തെക്കന്‍ ജില്ലയില്‍ നിന്നും ആദ്യമായി പുറപ്പെടുന്നത് കൊല്ലം ജില്ലയില്‍ നിന്നുള്ള സംഘമാണ്. അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് 33 അംഗ ആദ്യസംഘം പുറപ്പെട്ടത്. കൊല്ലം ഇലക് ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എസ് എന്‍ജിനീയര്‍ പ്രസന്ന കുമാരി യാത്രാവാഹനം ഫ്ളാഗ് ഓഫ് ചെയ്തു.