Saturday 24th of August 2019

ബോധവത്കരണത്തിനായി വടംവലിയുടെ ആവേശവും

Category: Kollam Published: Tuesday, 16 April 2019
 
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ് വടംവലിയുടെ ആവേശമുണര്‍ത്തിയും വോട്ട് ഉറപ്പാക്കുന്നു. ഓരോ പൗരനേയും വോട്ടവകാശം വിനിയോഗിക്കാന്‍ പ്രചോദിപ്പിക്കുന്ന ആവേശമാണ് വടംവലിയിലൂടെ ഉയര്‍ന്നത്. വെണ്‍പാലക്കര ശാരദ വിലാസിനി ഗ്രന്ഥശാല അങ്കണത്തിലായിരുന്നു ജനാധിപത്യ ബോധവത്കരണ സൗഹൃദ വടംവലി മത്സരം. എക്സൈസ് വകുപ്പും അഗ്‌നിസുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടിയത്. വിജയം അഗ്‌നിസുരക്ഷാ സേനയ്ക്കൊപ്പമായിരുന്നു.
 
പൊതുജനങ്ങളെ പങ്കെടുപ്പിച്ചും മത്സരം നടത്തി. എന്റെ ഇന്ത്യ, എന്റെ കൊല്ലം, ഞാന്‍ വോട്ട് ചെയ്യും എന്നീ സന്ദേശങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളും  ബാനറുകളും നിരന്ന പശ്ചാത്തലം വേദിക്കരികില്‍ ഒരുക്കി. എക്‌സൈസ് ഡെപ്യൂട്ടി  കമ്മീഷണര്‍ എ.എസ്. രഞ്ജിത്, ജില്ലാ ഫയര്‍ ആന്റ് റെസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. ശശിധരന്‍, സ്വീപ് നോഡല്‍ ഓഫീസര്‍ വി. സുദേശന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.