Monday 22nd of July 2019

സമാധാനപരമായ തിരഞ്ഞെടുപ്പിന് രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണം

Category: Kollam Published: Wednesday, 13 March 2019
കൊല്ലം : ജില്ലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമാധാനപരവും സുതാര്യവുമായി നടത്തുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുന്ന പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും ഒഴിവാക്കണം. എതിര്‍സ്ഥാനാര്‍ഥിക്കെതിരെ വ്യക്തിപരമായോ അടിസ്ഥാനരഹിതമായോ ആരോപണങ്ങള്‍ ഉന്നയിക്കരുത്. മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് റാലി നയിക്കുക, പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കല്‍ തുടങ്ങിയ പ്രകോനപരമായ നടപടികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും കലക്ടര്‍ പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടപ്പാക്കാനും എല്ലാ കക്ഷികളും ശ്രദ്ധിക്കണം. ഫഌ്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. രാവിലെ ആറു മുതല്‍ രാത്രി 10 വരെ മാത്രമേ പ്രചാരണ പരിപാടികള്‍ നടത്തുവാന്‍ പാടുള്ളു. 
 
സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മതിലുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പരസ്യങ്ങള്‍ പാടില്ല. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗപ്പെടുത്തരുത്. സ്വകാര്യ വ്യക്തിയുടെ മതിലുകള്‍, കെട്ടിടങ്ങള്‍ എന്നിവ പരസ്യത്തിനായി ഉപയോഗിക്കണമെങ്കില്‍ ഉടമയുടെ രേഖാമൂലമുള്ള സമ്മതം വാങ്ങിയിരിക്കണം. റാലികള്‍, പ്രകടനങ്ങള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും കലക്ടര്‍ പറഞ്ഞു. വോട്ടിനായി പണമോ പാരിതോഷികങ്ങളോ നല്‍കല്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ വോട്ട് കാന്‍വാസിങ് നടത്തുക, വോട്ടര്‍മാരെ വാഹനങ്ങളില്‍ പോളിംഗ് കേന്ദ്രങ്ങളില്‍ എത്തിക്കുക തുടങ്ങിയ കൃത്യങ്ങളില്‍ നിന്നും എല്ലാ കക്ഷികളും വിട്ടു നില്‍ക്കണമെന്നും കലക്ടര്‍ പറഞ്ഞു. 
 
അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ്. ശിവപ്രസാദ്, സ്വീപ് നോഡല്‍ ഓഫീസര്‍ വി. സുദേശന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എസ്. ജയമോഹന്‍(സി.പി.എം), ത്രിദീപ് കുമാര്‍(കോണ്‍ഗ്രസ്), അഡ്വ. ആര്‍. സുനില്‍(ആര്‍.എസ്.പി), ജി. ലാലു(സി.പി.ഐ), ഓമനക്കുട്ടന്‍(ബി.ജെ.പി), എ. ഇക്ബാല്‍കുട്ടി(കേരള കോണ്‍ഗ്രസ്എം), ഐ. ഷംഷീര്‍(ഐ.യു.എം.എല്‍), ആര്‍.കെ. ശശിധരന്‍ പിള്ള(എന്‍.സി.പി) തുടങ്ങിയവര്‍ പങ്കെടുത്തു.