Monday 22nd of April 2019

കൊല്ലം വോട്ട് ചെയ്യും കൂട്ടയോട്ടം നടത്തി

Category: Kollam Published: Wednesday, 13 March 2019
കൊല്ലം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വരവറിയിച്ച് ജില്ലാ ഭരണകൂടം നഗരത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് ബോധവത്കരണ വിഭാഗം സ്വീപിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച കൂട്ടയോട്ടം ജനകീയ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയയും പങ്കുചേര്‍ന്നതോടെ കൂടിനിന്നവര്‍ക്ക് ആവേശമായി. സ്വീപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും വോട്ടിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
 
 സ്‌പോര്‍ട് കൗണ്‍സില്‍ വിദ്യാര്‍ഥികളും കോളജ് വിദ്യാര്‍ഥികളും കൂട്ടയോട്ടത്തിന് നിറംപകര്‍ന്നു. കൂട്ടയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം കൊല്ലം വോട്ട് ചെയ്യും എന്ന സന്ദേശം എഴുതിയ തൊപ്പി കാനറാ ബാങ്ക് നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്ക് കുടിവെള്ളം വിതരണം ചെയ്തു. പ്രസ്‌ക്ലബ് മൈതാനിയില്‍ നിന്ന് തുടങ്ങിയ കൂട്ടയോട്ടം ബീച്ചില്‍ അവസാനിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ്. ശിവപ്രസാദ്, സ്വീപ് നോഡല്‍ ഓഫീസര്‍ വി. സുദേശന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.