Saturday 23rd of March 2019

വയോജനങ്ങള്‍ക്ക് തണലേകാന്‍ പരവൂരിലും പകല്‍വീട്

Category: Kollam Published: Friday, 11 January 2019
കൊല്ലം : ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങള്‍ക്ക് തണലായി പരവൂരില്‍ പകല്‍വീട് ഒരുങ്ങുന്നു. കൊച്ചാലുംമൂട്ടില്‍  പരവൂര്‍ നഗരസഭയാണ്  സംരംഭം തുടങ്ങുന്നത്. ആരോഗ്യമാനസികാരോഗ്യ പരിപാലന കേന്ദ്രമായാണ് പകല്‍വീടിന്റെ പ്രവര്‍ത്തനം. മാനസിക ഉല്ലാസത്തിനായി ചെസ് ബോര്‍ഡ്, വിനോദോപാധിയായി ടെലിവിഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ലഘുഭക്ഷണവും നല്‍കും.  
 
പരിപാലനത്തിനായി ഒരു ഡോക്ടറുടെ സേവനവും ലഭ്യമാക്കും. പുരുഷ-വനിതാ ജീവനക്കാര്‍ക്ക് പ്രത്യേകം പരിപാലകരുടെ സഹായമുണ്ടാകും. രണ്ടാം ഘട്ടത്തില്‍ പുരുഷ-വനിതാ വാര്‍ഡുകളും നിര്‍മിക്കുന്നുണ്ട്. വാഹന സൗകര്യവും പരിഗണനയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതി മുഴുവന്‍സമയ അഭയ കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.പി കുറുപ്പ് പറഞ്ഞു. നഗരസഭയുടെ പങ്കാളിത്തത്തോടെ  60 ലക്ഷം രൂപ ചെലവഴിച്ചാണ് പകല്‍വീടിന്റെ നിര്‍മാണം.