Saturday 20th of October 2018

കുടുംബശ്രീ ബാലസഭാ ജില്ലാതല ചെസ്സ് മത്സരം

Category: Kollam Published: Monday, 08 October 2018
കൊല്ലം: കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടുകൂടി ബാലസഭാ കുട്ടികള്‍ക്ക് വേണ്ടി ജില്ലാതല ചെസ്സ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത അറുപതോളം കുട്ടികള്‍ കൊല്ലം എന്‍.ജി.ഒ. യൂണിയന്‍ ഹാളില്‍ വെച്ച് നടന്ന മത്സരത്തില്‍ പങ്കെടുത്തു. 
      കുട്ടികളില്‍ ബൗദ്ധികശേഷി വളര്‍ത്തുക, തുടര്‍ പരിശീലനത്തിലൂടെ ജില്ലാ തലത്തില്‍ മികച്ച ചെസ്സ് കളിക്കാരെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരം രാവിലെ 10 മണിക്ക് നോര്‍ക്കാ റൂട്‌സ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ്, അസി. കോ-ഓര്‍ഡിനേറ്ററായ വി. ആര്‍. അജു, എസ്. വി. ഗായത്രി, ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍. വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 
    ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങള്‍ക്ക് ജില്ലാ ചെസ്സ് അസോസിയേഷന്‍ സെക്രട്ടറിയും നാഷണല്‍ ആര്‍ബിട്രേറ്ററുമായ ഗ്രിഗറി ഡാനിയര്‍, എച്ച്. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ശൂരനാട് സി.ഡി.എസ്. ബാലസഭയിലെ നഹ്ന സമീറും രണ്ടാം സ്ഥാനം അഞ്ചല്‍ സി.ഡി.എ്‌സ്. ബാലസഭയിലെ എ. എസ്. അമരീഷ് എന്നിവരും, സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം വെസ്റ്റ് കല്ലട സി.ഡി.എസ്. ബാലസഭയിലെ അബിന്‍ ജോസ്സും, രണ്ടാം സ്ഥാനം ചാത്തന്നൂര്‍ സി.ഡി.എസിലെ അഭിജിത്ത് വി. പിള്ള എന്നിവരും വിജയികളായി. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് ജില്ലാ ചെസ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിദഗ്ത പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.