Saturday 23rd of March 2019

സ്‌കൂളുകളുടെ സംഭാവന ഒന്നര കോടി രൂപയിലധികമായി

Category: Kollam Published: Friday, 14 September 2018
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളുടെ സംഭാവന ഗണ്യമായി ഉയരുന്നു. അന്തിമ കണക്ക് വരാനിരിക്കെ ഇതുവരെ ജില്ലയിലെ സ്‌കൂളുകള്‍ നല്‍കിയ സംഭാവന 1,06,97,943 രൂപയാണ്. പ്രളായനന്തര പുനരധിവാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് നിറമനസ്സോടെയാണ് എല്ലായിടത്തു നിന്നും സംഭാവന എത്തുന്നത്. സ്‌കൂള്‍ മേധാവികളുടെ സജീവ ഇടപെടലാണ് ഇതിന് പിന്നിലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീകല അറിയിച്ചു. 
       ഇതുവരെയുള്ള കണക്ക് പ്രകാരം ഉയര്‍ന്ന സംഭാവന നല്‍കിയ സ്‌കൂളുകളില്‍ മുന്നിലുള്ളത് 2,24,001 രൂപ നല്‍കിയ അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ സ്‌കൂളാണ്. തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് 1,50,00, കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ 1,00,000, മുഖത്തല സെയിന്റ് ജൂഡ് ഹൈസ്‌കൂള്‍ 1,00,000 രൂപ എന്നിങ്ങനെയും നല്‍കി. 
      വിദ്യാഭ്യാസ ഉപഡയറക്ടര്‍ അടക്കം 48 വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒരു മാസത്തെ ശമ്പളം നല്‍കി. വിമലഹൃദയ ഗേള്‍സ് ഹൈസ്‌കൂളിലെ ജീവനക്കാരെല്ലാം ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് അറിയിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം എന്നിവര്‍ എട്ട് ലക്ഷം രൂപയാണ് സംഭാവന നല്‍കിയതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.