Wednesday 17th of October 2018

ക്ഷയരോഗം സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സ നല്‍കും

Category: Kollam Published: Wednesday, 16 May 2018
കൊല്ലം: ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 52 പേര്‍ക്ക് ആരോഗ്യ വകുപ്പ് തുടര്‍ ചികിത്സ നല്‍കും. എ.ഡി.എം കെ. ആര്‍. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 
ആശ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ ജില്ലയിലെ വീടുകള്‍ സന്ദര്‍ശിച്ചുനടത്തിയ സര്‍വ്വേയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 52 പേരില്‍ രോഗം സ്ഥിരീകരിച്ചത്. 90 ശതമാനം വീടുകളിലും സര്‍വ്വേയുടെ ഭാഗമായുള്ള സന്ദര്‍ശനം പൂര്‍ത്തീകരിച്ചതായും  രോഗികള്‍ക്ക് തുടര്‍ചികിത്സ നല്‍കുന്നതിന് നടപടി സ്വീകരിച്ചതായും ടി.ബി ഓഫീസര്‍ ഡോ. അനു യോഗത്തില്‍ അറിയിച്ചു. ജൂണ്‍ പതിനഞ്ചോടുകൂടി ഭവന സന്ദര്‍ശനം പൂര്‍ത്തീകരിക്കും. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. സന്ധ്യ, എന്‍.എച്ച്.എം പ്രോജക്ട് മാനേജര്‍ ഡോ. ഹരികുമാര്‍, ഡോ. ശശിധരന്‍, ഡോ. ബിന്‍സി, ഡോ. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.