Thursday 19th of July 2018

ലൈഫ് മിഷന്‍; മുഖത്തല ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

Category: Kollam Published: Tuesday, 17 April 2018
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന നിര്‍മാണ മിഷനായ ലൈഫിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതി പ്രകാരം നിര്‍മിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും, ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
 
ലൈഫ് പദ്ധതി ജനകീയമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 161 വീടുകള്‍ പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറാന്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞത് വലിയ നേട്ടമാണ്. സൗരോജ്ജ പ്ലാന്റ് സ്ഥാപിക്കുന്നത് ഊര്‍ജോത്പാദനത്തിലെ സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവയ്പ്പാണ്. അതോടൊപ്പം  കുടിവെള്ളത്തിന്റെ കാര്യത്തിലും സ്വയംപര്യാപ്തത നേടാന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിക്കണം. സര്‍ക്കാരിന്റെ കുടവെള്ള പദ്ധതികളെ മാത്രം ആശ്രയിക്കാതെ മഴവെള്ള സംഭരണം ഉള്‍പ്പെടെയുള്ള പ്രാദേശിക സാധ്യതകള്‍ പ്രയോജനപ്പെടുത്തേേണമെന്ന്മന്ത്രി നിര്‍ദേശിച്ചു.
 
നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം എ. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനവും  ഭിന്നശേഷിക്കാര്‍ക്കുള്ള  ട്രൈസ്‌കൂട്ടറുകളുടെ വിതരണവും, യുവാക്കള്‍ക്കുള്ള വാദ്യോപകരണങ്ങളുടെ വിതരണവും ഇതോടനുബന്ധിച്ച് നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജയകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.