Friday 28th of April 2017

editorial

Category: Editorial Published: Saturday, 19 September 2015

 

 
ഇന്റര്‍നെറ്റ് എന്ന വിരല്‍ത്തുമ്പില്‍ വിരിയുന്ന വിവര, വിചാര വിപ്ലവം ഇന്ന് ആധുനിക ജീവിതത്തിന്റെ ദൈനംദിന നിമിഷങ്ങളെപ്പോലും സ്വാധീനിക്കുന്ന നിര്‍ണായക സാങ്കേതിക വിദ്യാവികാസമാണ്.  ഭരണ, രാഷ്ട്രീയ സാമ്പത്തിക മേഖലകള്‍ക്കൊപ്പം മാധ്യമലോകവും അനസ്യൂതമായ ഈ വിവര വിസ്‌ഫോടനത്തിന്റെ  സ്വാധീനത്തിലാണ്.   അച്ചടി മഷിയുടെ പുതുമണം മാറാതെ വീട്ടുകോലായയില്‍ വീഴുന്ന ദിനപത്രങ്ങളുടെയും സ്വീകരണമുറികളിലെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറയുന്ന ബ്രേക്കിങ് ന്യൂസുകളുടെയും കാലവും പിന്നിട്ട് ഓണ്‍ ലൈന്‍ പോര്‍ട്ടലുകളെയും ബ്ലോഗുകളെയും എല്ലാം വാര്‍ത്തയ്ക്കായി ആശ്രയിക്കുന്ന വിധം ആഗോളതലത്തില്‍ തന്നെ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞു.  അനന്തമായ സാധ്യതകളുടെ സൈബര്‍ ലോകത്തെക്കുറിച്ചാണ് ഇപ്പോള്‍ മാധ്യമചിന്തകരും നീരീക്ഷകരും പറയുന്നത്.  ഭരണത്തെ സുതാര്യവും ജനകീയവും ആക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകള്‍ക്കും ഇതിന്റെ സ്വാധീനവലയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും വികസനോന്മുഖ വാര്‍ത്തകളും മറ്റും വളച്ചൊടിക്കലുകളിലല്ലാതെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇത്തരമൊരു മാധ്യമം ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിനും ഒഴിച്ചുകൂടാന്‍ ആവില്ല.  ഈ പശ്ചാത്തലത്തിലാണ് കേരളന്യൂസ് എന്ന പേരില്‍ പുതിയ വാര്‍ത്താധിഷ്ഠിത പോര്‍ട്ടലുമായി വകുപ്പ് ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
 
 
 
ചീഫ് എഡിറ്റര്‍
മിനി ആന്റണി ഐഎഎസ്
ഡയറക്ടര്‍, ഐ പിആര്‍ഡി