Thursday 21st of November 2019

അനവിരട്ടി പാടശേഖ സമതിക്ക് കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും കൈത്താങ്ങ്

Category: Idukki Published: Wednesday, 16 October 2019
 
 
 
 
ഇടുക്കി:  ആനവിരട്ടി പാടശേഖര സമിതിക്ക് കൃഷിവകുപ്പിന്റെയും വെള്ളത്തൂവല്‍ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പുതിയ ഉഴവ് യന്ത്രം കൈമാറി. ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരം രൂപയാണ് പുതിയ യന്ത്രത്തിന്റെ വില. ദേവികുളം താലൂക്കിലെ വലിയ പാടശേഖരങ്ങളില്‍ ഒന്നായ ആനവിരട്ടിയിലെ കര്‍ഷകരുടെ കൃഷിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഉഴവ് യന്ത്രം കൈമാറിയിട്ടുള്ളത്. മുമ്പുണ്ടായിരുന്ന ഉഴവുയന്ത്രം സ്ഥിരമായി പണിമുടക്കുകയും കര്‍ഷകരുടെ ഭാഗത്തു നിന്നും വലിയ പരാതി ഉയരുകയും ചെയ്തിരുന്നു. 
 
ഇതിനെ തുടര്‍ന്നാണ് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ പാടശേഖര സമിതിക്ക് പുതിയ യന്ത്രം എത്തിച്ച് നല്‍കിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സന്തോഷ് പുതിയ ഉഴവുയന്ത്രം ഉദ്ഘാടനം ചെയ്തു. പത്ത് ഹെക്ടറോളമായാണ് ആനവിരട്ടി പാടശേഖരം വ്യാപിച്ച് കിടക്കുന്നത്. ഉഴവുയന്ത്രം എത്തിക്കാന്‍ 1,50,000 രൂപ പഞ്ചായത്ത് വകയിരുത്തിയപ്പോള്‍ 18,000 രൂപ ഗുണഭോക്താക്കള്‍ കണ്ടെത്തി നല്‍കി. ആനവിരട്ടിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്തംഗം ആനീസ് ബേബി അധ്യക്ഷത വഹിച്ചു. വെള്ളത്തൂവല്‍ കൃഷി ഓഫീസര്‍ ജയന്തി ജെ, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍, പാടശേഖര സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.