Thursday 21st of November 2019

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് ഇനി പുതിയമുഖം

Category: Idukki Published: Wednesday, 16 October 2019
ഇടുക്കി:  തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആധുനികരീതിയില്‍ നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെയും സോളാര്‍പാനല്‍ പദ്ധതിയുടെയും പ്രവര്‍ത്തനോദ്ഘാടനം നടന്നു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സതീഷ് കേശവന്‍ അധ്യക്ഷനായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി  തത്സമയം ബ്ലോക്ക് പഞ്ചായത്തിന് ആശംസ നേര്‍ന്നു.
 
60 വര്‍ഷം പിന്നിട്ട തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയമാണ്  ആധുനിക സൗകര്യങ്ങളോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഹൈ ടെക് നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ബ്ലോക്ക് പഞ്ചായത്ത് 2018-19 പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 18 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് കാര്യാലയം മെച്ചപ്പെടുത്തിയത്. ഓഫീസ് സമുച്ചയം കൂടാതെ ചുറ്റുമതില്‍, മുറ്റം, പാര്‍ക്കിംഗ് ഏരിയ എന്നിവയുടെയും ഇതിനോടനുബന്ധിച്ച്  നവീകരണപ്രവര്‍ത്തനം പൂര്‍ത്തിയാക്കി. 
 
കാലപ്പഴക്കം മൂലം അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ഓഫീസ് ജീവനക്കാര്‍ക്ക് പ്രത്യേകം ക്യാബിന്‍ തിരിച്ച് എല്ലാ സെക്ഷനും കമ്പ്യൂട്ടര്‍ സംവിധാനം ഒരുക്കി ഹൈടെക് സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം. കൂടാതെ കോണ്‍ഫ്രന്‍സ് ഹാള്‍, ഫ്രണ്ട് ഓഫീസ്, ഷീ ടോയ്‌ലറ്റ്, ഫീഡിങ് റൂം തുടങ്ങിയവയും പൊതുജനങ്ങളുടെ സൗകര്യത്തിനായി നിര്‍മ്മിച്ചിരിക്കുകയാണ്.
 
വൈദ്യുതി ഉപയോഗം സൗരോര്‍ജ്ജത്തിലാക്കി പ്രവര്‍ത്തിക്കുന്നു എന്നുള്ള പ്രത്യേകത കൂടി ഇനി മുതല്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിനുണ്ട്.  ആധുനിക സൗകര്യങ്ങളോട് കൂടി നവീകരിച്ച ബ്ലോക്ക് ഓഫീസ് കാര്യാലയം ഇനിമുതല്‍ പ്രവര്‍ത്തിക്കുന്നത് സോളാര്‍ പാനലില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ  അടിസ്ഥാനത്തിലാണ്. മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കും.
 
പി.എ.യു പ്രൊജക്റ്റ് ഡയറക്ടര്‍ പി സുരേന്ദ്രന്‍, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷൗജമോള്‍ പി കോയ, സെറി കള്‍ച്ചര്‍ ഓഫീസര്‍ ജെയ്‌സണ്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജേക്കബ് മത്തായി, തൊടുപുഴ ബ്ലോക്ക് ബി.ഡി.ഒ സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിക്കുകയും ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കെടുക്കുകയും ചെയ്തു.