Thursday 21st of November 2019

പോഷകാഹാര സമൃദ്ധമായി പോഷണ്‍ എക്സ്പ്രസ്

Category: Idukki Published: Monday, 14 October 2019
ഇടുക്കി: സംസ്ഥാന വനിതാ- ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമ്പുഷ്ട കേരളം പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായുള്ള പോഷണ്‍ എക്സ്പ്രസ് ജില്ലയില്‍ പര്യടനം തുടരുന്നു. ചെറുതോണിയില്‍ ഉച്ചയോടെ എത്തിയ പോഷണ്‍ എക്സ്പ്രസിന് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്. 
 
അംഗനവാടി പ്രവര്‍ത്തകരും ജീവനക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ളവരും റാലിയില്‍ അണിനിരന്നു. പോഷക സമൃദ്ധമായ പച്ചക്കറികള്‍ അണിഞ്ഞും താലത്തില്‍ പച്ചക്കറികള്‍ കൈയിലേന്തിയുമാണ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. ഇടുക്കി ബ്ലോക്കിലെ ആറു പഞ്ചായത്തില്‍ നിന്നുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തത്. 
 
ആദ്യത്തെ ആയിരം ദിനങ്ങളുടെ പ്രാധാന്യം, അനീമിയ പ്രതിരോധം, വയറിളക്കം നിയന്ത്രിക്കല്‍, ശുചിത്വം എന്നിവയെ കുറിച്ചുള്ള സന്ദേശവും വഹിച്ചു കൊണ്ടാണ് പോഷണ്‍ എക്സ്പ്രസ് ജില്ലയിലൂടെ കടന്നു പോകുന്നത്. റാലിക്ക് ശേഷം ഇടുക്കി ഐഡിഎ മൈതാനത്തില്‍ പോഷണ്‍ എക്സ്പ്രസ് സന്ദര്‍ശിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പോഷക ആഹാരത്തിന്റെ പ്രാധാന്യം വിളിച്ചോതിയുള്ള ഒപ്പന, വഞ്ചിപ്പാട്ട്, തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.
 
ഇടുക്കി എംഎല്‍.എ റോഷി അഗസ്റ്റിന്‍ പോഷണ്‍ എക്സ്പ്രസ് സന്ദര്‍ശിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. ത്രിതല പഞ്ചായത്ത് പ്രധിനിധികള്‍, വകുപ്പ് പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.