Saturday 24th of August 2019

വീടുവയ്ക്കാന്‍ സ്ഥലമായി: കൈവശാവകാശ രേഖകള്‍ സ്വന്തമാക്കിയത് 21 പേര്‍

Category: Idukki Published: Monday, 22 July 2019
ഇടുക്കി : പ്രളയാതിജീവനത്തിന്റെ ഭാഗമായി  വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വിട്ടു കിട്ടിയ ഭൂമിയുടെ കൈവശവകാശ രേഖകള്‍ സ്വന്തമാക്കിയത്  21 പേര്‍. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ ഇവരില്‍ ഏറിയ പേരും തിരിച്ചു വരവ് അസാധ്യമായി കരുതിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ  വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക്  ധനസഹായം ഉറപ്പു വരുത്തിയതോടെ ആശ്വാസത്തിന്റെ കിടപ്പാടങ്ങളിലേക്ക് മടങ്ങാനാകുന്നതിന്റെ  സന്തോഷത്തിലാണ് ഈ കുടുംബങ്ങള്‍.
 
 കട്ടപ്പന സ്വദേശികളായ മണിയമ്മയും മേരിക്കുട്ടിയും കുഞ്ഞുമോളുമെല്ലാം പുതിയ കിടപ്പാടം ലഭിക്കുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നു. ഏലത്തോട്ടങ്ങളില്‍ പണിയെടുത്താണ് ഇവര്‍ ഉപജീവനം നടത്തുന്നത്.  പ്രളയത്തില്‍ ഉരുള്‍പൊട്ടിയാണ് മൂവരുടെയും വീടുകള്‍ നഷ്ടപ്പട്ടത്. തുടര്‍ന്ന് ബന്ധു വീടുകളിലും അയല്‍ വീടുകളിലുമാണ് ഇവര്‍ താമസിച്ചു വന്നത്. കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ 5 സെന്റ് സ്ഥലമാണ് വീട് നിര്‍മ്മാണത്തിനായി ഇവര്‍ക്ക് വിട്ടു നല്‍ക്കുന്നത്.കയറിക്കിടക്കാനുള്ള വീടു ലഭിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് മൂവരും പറഞ്ഞു.കൈവശാവകാശ രേഖകള്‍ ലഭിച്ച സന്തോഷം പങ്കുവെച്ചാണ് എല്ലാവരും മടങ്ങിയത്.