Wednesday 18th of September 2019

നവകേരളം സൃഷ്ടിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം

Category: Idukki Published: Tuesday, 21 May 2019
 
 
ഇടുക്കി: നവകേരളം സൃഷ്ടിക്കാന്‍ ഒരുമയോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും സര്‍ക്കാര്‍ പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തി വരുന്നതായും മന്ത്രി എം എം മണി. പ്രളയാനന്തര പുനരധിവാസത്തിന്റെ  ഭാഗമായി കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് ഇരുമ്പുപാലത്ത് സംസാരികയായിരുന്നു മന്ത്രി.
 
കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേവികുളം താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് അടിമാലിശാഖയുടെ നേതൃത്വത്തില്‍ ഇരുമ്പുപാലത്ത് 6 വീടുകളുടെ നിര്‍മാണമാണ് ഏറ്റെടുത്തത്. ഇതില്‍ പണി പൂര്‍ത്തിയായ മൂന്നു വീടുകളാണ് ഉപയോക്താക്കള്‍ക്ക് കൈമാറിയത്. 
സംസ്ഥാനത്ത് വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും സര്‍ക്കാര്‍ വീട് നല്‍കും, പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തില്‍ സഹകരണ മേഖലയുടെ സഹായത്തോടെ 2000 വീടുകള്‍ നിര്‍മ്മിക്കും, തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം അതിവേഗത്തില്‍ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
 
ഇരുമ്പുപാലം പടികപ്പ് നിവാസി പൊന്നമ്മ ബാലകൃഷ്ണന്‍, പന്ത്രണ്ടാം മൈല്‍ സ്വദേശി ജിജി ബിജു, പതിനാലാം മൈല്‍ സ്വദേശി സഹദേവന്‍ എന്നിവര്‍ക്കാണ് വീടിന്റെ താക്കോല്‍ കൈമാറിയത്. ശേഷിക്കുന്ന 3 വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ചടങ്ങില്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു, ബാങ്ക് പ്രസിഡന്റ് എം എന്‍ മോഹനന്‍,സെക്രട്ടറി കെ എം പ്രകാശന്‍,ജനപ്രതിനിധി കള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ സംസാരിച്ചു.