Sunday 24th of February 2019

പൊതുവിദ്യാഭ്യാസ രംഗം വലിയ പുരോഗതിയില്‍

Category: Idukki Published: Friday, 08 February 2019
ഇടുക്കി: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വലിയ പുരോഗതിയാണ് ഈ രംഗത്ത് കൈവന്നിരിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രണ്ടുകോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും
സ്‌കൂളിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തി മൂന്ന് കോടിയുടെ പദ്ധതി പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അടുത്ത അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുംവിധം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ വര്‍ദ്ധനവ് സ്‌കൂളുകളുടെ മികച്ച നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി എം. എം മണിയുടെ എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച 40 ലക്ഷം രൂപയും നബാര്‍ഡ് ഫണ്ട് 1.60 കോടി രൂപയും ചേര്‍ത്ത് രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടം നിലവിലുള്ള ഹൈസ്‌കൂള്‍ മന്ദിരത്തോട് ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം കരുതലോടെ പദ്ധതിയുടെ ഉദ്ഘാടനവും സ്‌കൂളിന്റെ എട്ടാമത് വാര്‍ഷികാഘോഷ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാരിന്റെ കരുതലോടെ പദ്ധതിയില്‍ ഈ സ്‌കൂളിനെ ഉള്‍പ്പെടുത്തിയത്.