Friday 18th of October 2019

കുട്ടികര്‍ഷകരുടെ നെല്‍ പാടത്ത് നൂറുമേനി വിളവ്

Category: Idukki Published: Friday, 11 January 2019
ഇടുക്കി: കുട്ടികര്‍ഷകരുടെ കൃത്രിമ പാടത്തെ നെല്‍കൃഷിയില്‍ ഇത്തവണയും നൂറ് മേനി വിളവ്. വിളവെടുപ്പ് ഉത്സവമാക്കി കുട്ടികര്‍ഷകര്‍ക്കൊപ്പം നെല്ല് കൊയ്യാന്‍ ഇടുക്കി ജില്ലാകളക്ടര്‍ കെ ജീവന്‍ ബാബു  എത്തി. നെല്‍കൃഷി സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്ന് നെല്‍കൃഷി തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് കുട്ടികര്‍ഷകര്‍ കൃത്രിമ പാടത്ത് നെല്‍കൃഷി ഇറക്കുന്നത്.
 
പലവിധകാരണങ്ങള്‍കൊണ്ടാണ് പാടശേഖരങ്ങളും നെല്‍കൃഷിയും ഹൈറേഞ്ചില്‍ നിന്നും പടിയിറങ്ങുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് നെല്‍കൃഷിയുടെ പ്രാധാന്യം പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്നതിന് വേണ്ടിയും കൃഷിയോടുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനും വേണ്ടിയാണ് രാജകുമാരി ഹോലിക്യൂന്‍സ് യു പി സ്‌കൂളില്‍ കൃത്രിമ നെല്‍പാടം നിര്‍മ്മിച്ച് കൃഷി ആരംഭിച്ചത്. പാടം കൃഷിക്കായി പാകപ്പെടുത്തുന്നത് മുതല്‍ വിളവെടുപ്പ് വരെ കുട്ടികളാണ് എല്ലാ ജോലികളും ചെയ്യുന്നത്. ഇരുപത്തിയഞ്ച് സെന്റോളം വരുന്ന സ്ഥലത്ത് പ്ലാസ്റ്റിക് പടുതാ വിരിച്ച് ഇതില്‍ പാടത്തുനിന്നുള്ള ചെളിയെത്തിച്ച് നിറച്ചാണ് കൃത്രിമ പാടം തയ്യാറാക്കിയിരിക്കുന്നത്. വെള്ളം കൃത്യമായി നിലനിര്‍ത്തുന്നതിന് മോട്ടോര്‍ അടക്കമുള്ള സൗകര്യങ്ങളും പാടത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് കുട്ടികളുടെ നേതൃത്വത്തില്‍ ഈ കൃത്രിമ പാടത്ത് വിത്തിറക്കി നൂറ്‌മേനി വിളവെടുക്കുന്നത്. ഇത്തവണ വിളവെടുപ്പിന് ഇടുക്കിയുടെ സ്വന്തം കളക്ടര്‍ എത്തിയും കുട്ടികള്‍ക്ക് ആവേശമായി. കളക്ടര്‍ക്കൊപ്പം പരമ്പരാഗത വേഷമണിഞ്ഞെത്തിയ പെണ്‍കുട്ടികളും ആണ്‍കുട്ടികളും കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ കറ്റകള്‍ കൊയ്തു. 
 
കൊയ്‌തെടുക്കുന്ന നെല്ല് അരിയാക്കി സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയാണ്. നെല്‍കൃഷിയ്‌ക്കൊപ്പം പച്ചക്കറികളും ഇവിടെ നട്ടു പരിപാലിയ്ക്കുന്നുണ്ട് പച്ചക്കറിയുടെ വിളവെടുപ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കൊച്ചുത്രേസ്യാ പൗലോസ് നിര്‍വ്വഹിച്ചു. തുടര്‍ന്ന്  പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്ന് ജില്ലാ കളക്ടര്‍ സ്‌കൂള്‍ അങ്കണത്തില്‍ ഫല വൃക്ഷ തൈകള്‍ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് ആറ്റുപുറം, കൃഷി ഓപീസര്‍ എം എസ് ജോണ്‍സണ്‍, സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ജെസി ജോസഫ്, മാനേജര്‍ ഫാ. ഫ്രാന്‍സീസ് ഇടവക്കണ്ടം, ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ്ജ് തകയേടിയേല്‍, ഫാ. മാത്യൂ തകരപ്പള്ളില്‍, പഞ്ചായത്തംഗങ്ങളായ പി പി ജോയി, ടിസി ബിനു, പി റ്റി എ പ്രസിഡന്റ് ബിജു പെരിയപള്ളില്‍, പ്രിന്‍സ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.