Friday 18th of January 2019

അറുപതുകഴിഞ്ഞവര്‍ക്ക് കൃത്രിമ പല്ല്: പദ്ധതി തൊടുപുഴ ബ്ലോക്കില്‍ ആരംഭിച്ചു

Category: Idukki Published: Thursday, 06 December 2018
ഇടുക്കി: അറുപത് വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് കൃത്രിമ പല്ല് വെച്ചുനല്‍കുന്ന പദ്ധതി തൊടുപുഴ ബ്ലോക്കില്‍ ആരംഭിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി പദ്ധതി ഉദ്ഘാടനം ചെയ്തു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുവാന്‍ മനസുവയ്ക്കാത്ത ഇന്നത്തെ സമൂഹത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത് മാതൃകാപരമായ പദ്ധതിയാണ് എന്ന് എംപി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് അധ്യക്ഷനായിരുന്നു. 
    അറുപത് വയസ്സ് കഴിഞ്ഞ ദാരിദ്ര്യരേഖക്ക് താഴെയുള്ള, പല്ലുകള്‍ പൂര്‍ണമായും നഷ്ടമായവര്‍ക്കും ഭാഗീകമായി നഷ്ടമായവരില്‍ പറിച്ചുമാറ്റേണ്ട അവസ്ഥയിലുള്ളവര്‍ക്കുമാണ് തീര്‍ത്തും സൗജന്യമായി പല്ലുകള്‍ വെച്ചുനല്‍കുന്നത്. പല്ലുകള്‍ വീണ്ടെടുക്കുവാന്‍ കഴിയില്ല എന്ന് ദന്തരോഗ വിദഗ്ദ്ധ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ ഗുണഭോക്താക്കള്‍ക്കാണ് കൃത്രിമ ദന്തനിരകള്‍ വെച്ചുനല്‍കുന്നത്. ഉദ്ഘാടന ദിനത്തില്‍ 10 ഗുണഭോക്താക്കള്‍ക്കാണ് പല്ലുവെച്ച് നല്‍കിയത്. തുടര്‍ന്നുള്ള ദിനങ്ങളില്‍ 30 ഉപഭോക്താക്കള്‍ക്കുകൂടി പദ്ധതിയുടെ നേട്ടം ലഭിക്കും.
    ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനീത അനില്‍കുമാര്‍, പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, സിഡിപിഒ സുജ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.