Saturday 15th of December 2018

പ്രളയാനന്തര പുനരുദ്ധാരണം: മരിയാപുരത്ത് ഹരിതപുരം പദ്ധതി

Category: Idukki Published: Monday, 03 December 2018
 
ഇടുക്കി:  അതിവര്‍ഷം, മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ എന്നിവ മൂലം കനത്ത പാരിസ്ഥിതിക ആഘാതമേറ്റ മരിയാപുരം പഞ്ചായത്തിന്റെ കാര്‍ഷിക പുനരുദ്ധാരണത്തിനും, ജീവനോപാധി വികസനത്തിനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 'ഹരിതപുരം' സമഗ്ര പദ്ധതിക്ക് ഹരിത കേരളം മിഷന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ എട്ടിന് തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പെരിയാറിന്റെ തീരത്തു കൂടി ജനകീയ പുഴനടത്തം സംഘടിപ്പിക്കും. 
 
തടിയംപാട് ചപ്പാത്ത് ഭാഗത്ത് മഠത്തില്‍ കടവ് മുതല്‍ കുതിരക്കല്ല് വരെയാണ് പുഴനടത്തം. രാവിലെ 8 മണിക്ക് മഠത്തിന്‍ കടവില്‍ നിന്നാരംഭിക്കുന്ന പുഴ നടത്തത്തില്‍ മന്ത്രി, എം പി, എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഹരിതപുരം പദ്ധതിയുടെ തുടക്കമെന്ന നിലയ്ക്കാണ് പുഴയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ജനകീയ പുഴ നടത്തം സംഘടിപ്പിക്കുന്നത്. 
 
ഹരിതപുരം പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച ആലോചനാ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് അദ്ധ്യക്ഷത വഹിച്ചു. മരിയാപുരത്തിന്റെ ജൈവ സമ്യദ്ധി നിലനിര്‍ത്തുന്നതിന് ജൈവ വൈവിധ്യ പാര്‍ക്ക് പുഴയോരത്ത് സ്ഥാപിക്കുക, ടൂറിസം സാധ്യത വര്‍ദ്ധിപ്പിക്കുക, നാടിന്റെ പൈത്യകം നിലനിര്‍ത്തുക, നാടിനെക്കുറിച്ച് പഠിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക, മരിയാപുരത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് സൂക്ഷ്മ തലത്തിലുള്ള ആസൂത്രണം നടത്തുക, പുഴയോരം സംരംക്ഷിക്കുന്നതിന് രാമച്ചം പോലുള്ള പുല്ലിനങ്ങല്‍ ക്യഷി ചെയ്യുക, മരിയാപുരത്തിന്റെ ബ്രാന്‍ഡ് ഉല്പപ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക, സേവന മേഖല മെച്ചപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. 
 
കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഇഫക്ടീവ് ടീച്ചര്‍' എന്ന സന്നദ്ധ സംഘടനയാണ് ഇതിന്റെ സംയോജന ചുമതല നിര്‍വഹിക്കുന്നത്. ഹരിതപുരം പദ്ധതിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഹരിത കേരളം മിഷന്‍ മുന്നോട്ട് വെക്കുന്ന വെള്ളം, വിളവ്, വ്യത്തി എന്നീ ആശയങ്ങളില്‍ ഊന്നിയുള്ളവയാണെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി എസ് മധു പറഞ്ഞു. 
 
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി നാല് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായി പ്രോഗ്രാം കമ്മിറ്റിയും, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷനായി പ്രചരണ കമ്മിറ്റിയും, വാര്‍ഡ് മെമ്പര്‍ ജെസ്സി ബിജുവിന്റെ നേത്യത്വത്തില്‍ റിസപ്ഷന്‍ കമ്മിറ്റിയും, വാര്‍ഡ് മെമ്പര്‍ ഷീന സാജുവിന്റെ നേത്യത്വത്തില്‍ ക്രമീകരണ കമ്മിറ്റിയും രൂപീകരിച്ചു. വൈസ് പ്രസിഡന്റ് ശ്രീമോന്‍ വാസു, ഇടുക്കി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉസ്മാന്‍ , ഇഫക്ടീവ് ടീച്ചര്‍ പ്രസിഡന്റ് റെജിമോന്‍ ചെറിയാന്‍ സംസാരിച്ചു.