Saturday 15th of December 2018

ഭിന്നശേഷി വാരാചരണം സമാപിച്ചു

Category: Idukki Published: Monday, 03 December 2018
 
ഇടുക്കി: സമഗ്ര ശിക്ഷ ഇടുക്കിയുടെ നേതൃത്വത്തിന്‍ കട്ടപ്പന നഗരസഭയുടെയും ജീവജ്യോതി ഫെഡറേഷന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണം സമാപിച്ചു. 'കൈകോര്‍ക്കാം ഒന്നാകാം' എന്ന മുദ്രാവാക്യമുയര്‍ത്തി ഒരാഴ്ചയാണ് വിവിധ ഭിന്നശേഷി സൗഹൃദ പരിപാടികളാണ് നടന്നത്. കട്ടപ്പന ബി.ആര്‍.സി പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും കട്ടപ്പന നഗരസഭയിലെയും ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 1022 കുട്ടികളാണ് കട്ടപ്പന ബി.ആര്‍.സി പരിധിയിലുള്ളത്.
 
പൊതു സമൂഹത്തിന്റെ കരുണയല്ല കരുതലാണ് ഭിന്നശേഷികാര്‍ക്കൊപ്പം ഉണ്ടാകേണ്ടത്' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ചിത്രകാരനും ശില്പിയുമായ ജോസ് ആന്റണിയും കട്ടപ്പനയിലെ കലാകാരന്‍മാരും ചേര്‍ന്ന് ബിഗ് കാന്‍വാസ് എന്ന പേരില്‍ നടത്തിയ ചിത്രരചന വര്‍ണ്ണ വിസ്മയം തീര്‍ത്തു. ചിത്രരചന കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ രാജമ്മരാജന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, പോസ്റ്റര്‍, ഉപന്യാസ മത്സരങ്ങള്‍ - വരവര്‍ണ്ണം, കിടപ്പിലായ കുട്ടികളെ വീടുകളിലെത്തി സന്ദര്‍ശിക്കുന്ന -ഇമ്പമോടെ, വിളംബര ജാഥ, പൊതു സ്ഥാപനങ്ങള്‍ എത്രത്തോളം ഭിന്നശേഷി സൗഹൃദമാണ് എന്ന് കണ്ടെത്തുന്നതിനുള്ള സര്‍വ്വേ - ഈ പടിയും കടന്ന് എന്നീ പരിപാടികള്‍ വിവിധ ദിവസങ്ങളിലായി നടന്നു. 
 
കട്ടപ്പന ടൗണ്‍ഹാളില്‍ നടന്ന സമാപന സമ്മേളനം കട്ടപ്പന നഗരസഭ ചെയര്‍മാന്‍ മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു.  യോഗത്തില്‍ ഭിന്നശേഷിക്കാരായ മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു. കാഞ്ചിയാര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കായി സി ആര്‍ സി ട്രെയിനര്‍ ബിനോജ്, റിസോഴ്സ് അധ്യാപിക സ്വപ്ന എന്നിവരുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക ഉപയോഗിച്ച് നവീകരിച്ചു നല്കിയ വീടിന്റെ താക്കോല്‍ ദാനവും ചെയര്‍മാന്‍ നിര്‍വ്വഹിച്ചു.
 
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജമ്മരാജന്‍ അധ്യക്ഷത വഹിച്ചു. വൊസാര്‍ഡ് ഡയറക്ടര്‍ ഫാ.ജോസ് ആന്റണി, ജീവജ്യോതി ഫെഡറേഷന്‍ പ്രസിഡന്റ് ജോബി ജേക്കബ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയി വെട്ടിക്കുഴി, ലീലാമ്മ ഗോപിനാഥ്, ബെന്നി കല്ലൂപുരയിടം, കൗണ്‍സിലര്‍മാര്‍, സമഗ്ര ശിക്ഷ ഇടുക്കി ഡി.പി.ഒ ജോര്‍ജ് ഇഗ്നേഷ്യസ്, പ്രോഗ്രാം ഓഫീസര്‍ ജോസി ജോസ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ രാജമ്മ ജോസഫ്, കട്ടപ്പന ബി.പി.ഒ രാധാകൃഷ്ണന്‍ വി.സി സംസാരിച്ചു. സ്പെഷ്യല്‍ അധ്യാപകര്‍, റിസോഴ്സ് അധ്യാപകര്‍, ട്രെയിനര്‍മാര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നാടന്‍പാട്ടരങ്ങും സംഘടിപ്പിച്ചു.