Saturday 15th of December 2018

സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനൊരുങ്ങി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്

Category: Idukki Published: Saturday, 01 December 2018
ഇടുക്കി: 2019-20  സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വേഗത്തില്‍  പൂര്‍ത്തിയാക്കാനൊരുങ്ങി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്. 5.39 കോടി രൂപയുടെ പദ്ധതികള്‍ വരുന്ന സാമ്പത്തിക വര്‍ഷം നടപ്പിലാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ഇതിനു മുന്നോടിയായി പദ്ധതികളുടെ  വിശദമായ വിവരണങ്ങള്‍ പൊതുജനങ്ങളുമായി  പങ്കുവെച്ച് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ വികസന സെമിനാര്‍ നടത്തി. പ്രളയത്തില്‍ കാര്‍ഷിക മേഖലക്കുണ്ടായ തിരിച്ചടി മറിക്കടക്കുന്നതിനാണ് പഞ്ചായത്ത് വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുക, തൊഴിലുറപ്പ് പദ്ധതിയെ കൂടുതലായി പ്രയോജനപ്പെടുത്തി കൃഷിയിടങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൂടാതെ പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളും തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്വത്തോടെ നവീകരിക്കും. ഓരോ വാര്‍ഡിലെയും  ഗ്രാമീണ റോഡുകളില്‍ ആവശ്യമുള്ള റീട്ടാറിംഗ് ജോലികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കും. റോഡുകളുടെ നിര്‍മ്മാണത്തിനൊപ്പം സംരക്ഷ ഭിത്തി നിര്‍മ്മാണം ഓടകളുടെ കോണ്‍ക്രീറ്റ് ജോലികള്‍ എന്നിവയും നടത്തും. 
 
റോഡുകളിലെ മണ്ണു നീക്കം ചെയ്യല്‍, കുഴികള്‍ അടക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഇതിനകം ആരംഭിച്ചതായും സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കവെ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളും ഗ്രാമസഭകളും  കൂടി ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉല്പാദന മേഖലക്കും സേവന മേഖലക്കും കുടുതല്‍ കരുത്തു പകരും. വെള്ളത്തൂവല്‍ ടൗണില്‍ പുതുതായി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനുള്ള നടപടികളും വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കും. ടൗണ്‍ കേന്ദ്രീകരിച്ചുള്ള മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് മാലിന്യ സംസ്‌ക്കരണ പദ്ധതി ഊര്‍ജ്ജിതമാക്കുമെന്നും തുമ്പൂര്‍മൂഴി സംസ്‌ക്കരണം പഞ്ചായത്തില്‍ നടപ്പിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ നേരിട്ടെത്തി ശേഖരിക്കുകയും ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍ത്തിരിച്ച് സംസ്‌ക്കരിക്കുന്ന രീതിയിലുമാകും മാലിന്യ സംസ്‌ക്കരണം നടപ്പിലാക്കുക. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം ഇന്റഫന്റ് തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിനു കീഴില്‍ പ്രളയ ദുരന്തത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ , തൊഴുത്ത് എന്നിവ നഷ്ടപ്പെട്ട ക്ഷീര കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം മൃഗ സരംക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു. ജനപ്രതിനിധികള്‍, നിര്‍വ്വഹണ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങി മുന്നൂറോളം ആളുകള്‍ വികസന സെമിനാറില്‍ പങ്കെടുത്തു.