Saturday 15th of December 2018

എയ്ഡ്‌സ് രോഗബാധിതരോട് ജീവകാരുണ്യ സമീപനം പുലര്‍ത്തണം

Category: Idukki Published: Saturday, 01 December 2018
ഇടുക്കി: എയ്ഡ്‌സ് രോഗബാധിതരോട് ജീവകാരുണ്യപരമായ സമീപനം സമൂഹം പുലര്‍ത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ എയ്ഡ്‌സ് രോഗത്തിനെതിരെ വന്‍മതില്‍ സൃഷ്ടിച്ചിരിക്കുന്നു. അതില്‍ ഭാഗമാകുന്നത് ഓരോരുത്തരുടെയും കടമയാണ്. ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത് അതിന്റെ ഓര്‍മപ്പെടുത്തലാണ്. സ്വന്തം ജീവിതക്രമം ചിട്ടപ്പെടുത്തി സുരക്ഷിത ജീവിതം നയിക്കണം.  അവയവ, രക്തസ്വീകരണ വേളയില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും വേണം. ഇതിനോടൊപ്പം തന്നെ രോഗബാധിതരെ സഹായിക്കുവാനും നമ്മളോട് ചേര്‍ത്തു നിര്‍ത്തുവാനുമുള്ള മനസും ഉണ്ടായിരിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എയ്ഡ്‌സ് ദിനാചരണഭാഗമായി സംഘടിപ്പിച്ച ലഘു നാടക മത്സരത്തിലെ വിജയികള്‍ക്കും ബോധവത്ക്കരണ  സന്ദേശറാലിയില്‍ മികവു പുലര്‍ത്തിയവര്‍ക്കുമുള്ള ക്യാഷ് അവാര്‍ഡും ഉപഹാരവും മന്ത്രി വിതരണം ചെയ്തു.
 
റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എച്ച്‌ഐവി രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ എയ്ഡ്‌സ് ബോധവത്ക്കരണ പരിപാടികള്‍ ഏറെ പ്രയോജനപ്രദമാണെന്ന് എം.എല്‍.എ പറഞ്ഞു. കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ മനോജ് എം.തോമസ് മുഖ്യ പ്രഭാഷണം നടത്തി.  ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.പ്രിയ വിഷയാവതരണം നടത്തി. പരിപാടിയുടെ ഭാഗമായി ദീപം തെളിയിച്ചു കൊണ്ട് ഏവരും എയ്ഡ്‌സ് രോഗബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ഗോപിനാഥ് എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോയി വെട്ടിക്കുഴി, തോമസ് മൈക്കിള്‍, ബെന്നി കല്ലൂപുരയിടം, റെഡ് ക്രോസ് ചെയര്‍മാന്‍ റ്റി.എസ്.ബേബി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗ്രെയ്‌സ് മേരി ടോമിച്ചന്‍, ജില്ലാ റ്റി.ബി ആഫീസര്‍ ഡോ.അനൂപ്.കെ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ആഫീസര്‍ തങ്കച്ചന്‍ ആന്റണി, ഡോ. അഭിലാഷ് പുരുഷോത്തമന്‍ ,സി.ജെ കുര്യാച്ചന്‍, പി.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, കട്ടപ്പന സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ്, കടപ്പന ഗവ.ഐ .റ്റി. ഐ, ഐഎച്ച്ആര്‍ഡി, ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍, എന്‍ സി സി, എന്‍ എസ് എസ് കേഡറ്റുകള്‍, റെഡ് ക്രോസ് സൊസൈറ്റി, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ആര്‍ഷഭാരത് സുരക്ഷാ പ്രോജക്ട് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ 
പങ്കെടുത്തു