Sunday 16th of December 2018

ജില്ലയിലെ ആദ്യത്തെ ഐഎസ്ഒ അംഗീകൃത ബ്ലോക്ക് പഞ്ചായത്തായി ഇളംദേശം

Category: Idukki Published: Tuesday, 09 October 2018
 
ഇടുക്കി: ജില്ലയിലെ ആദ്യത്തെ ഐഎസ്ഒ അംഗീകാരം ലഭിച്ച ബ്ലോക്ക് പഞ്ചായത്തായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്. സമയബന്ധിതമായും ചിട്ടയോടും കൂടി ജനങ്ങള്‍ക്ക് മികച്ച സേവനമൊരുക്കുന്നതിലും ഭൗതിക സൗകര്യങ്ങളിലും ഓഫീസ് മികവിലും ആധുനികതയുടെ പുതിയ കാല്‍വയ്പ്പിനുമാണ് ഇതിലൂടെ ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമാകുന്നത്.
 
ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്തൊരുമയുടെ വിജയമായാണ് ഒക്ടോബര്‍ 11ന് രാവിലെ 10:30ന് പിജെ ജോസഫ് എംഎല്‍എ, ഐ.എസ്.ഒ പ്രഖ്യാപനം നടത്തും. ഫ്രണ്ട് ഓഫീസ്, റെക്കോര്‍ഡ് റൂം, മികച്ച ക്യാബിന്‍ സൗകര്യങ്ങളോടുകൂടി ഓഫീസ്, 3 മിനിറ്റിനുള്ളില്‍ ഫയല്‍ സംബന്ധിച്ച വിവരം കൈമാറാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ ശൃംഖലയോടു കൂടിയ ഓഫീസ് തുടങ്ങിയ സൗകര്യമാണ് കൈവരിച്ചിട്ടുള്ളത്.
 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തോടൊപ്പം ലൈഫ് പാര്‍പ്പിട പദ്ധതിയുടെ താക്കോല്‍ദാനവും എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 7 പഞ്ചായത്തുകളിലായി 3.5 കോടി രൂപ അനുവദിച്ച് 104 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. 
 
20 ലക്ഷം രൂപ അനുവദിച്ച് നിര്‍മിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ എം.ജി.എന്‍.ആര്‍. ജി.എ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബിജോയ് കെ വര്‍ഗ്ഗീസ്, ആലക്കോട്, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, കോടിക്കുളം, കുടയത്തൂര്‍, കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്‍ പറഞ്ഞു.