Friday 19th of October 2018

ലോകത്തിനു ഇടുക്കിയില്‍ നിന്നും ഒരു 'ബിഗ് സല്യൂട്ട്'

Category: Idukki Published: Wednesday, 19 September 2018
ഇടുക്കി: പ്രളയകാലത്ത് എല്ലാം മറന്ന് കേരളത്തെ സഹായിച്ച ലോകജനതയെ ആദരിക്കുന്നതിനായി  ഇടുക്കിയില്‍ നിന്നും ഒരു ബിഗ് സല്യൂട്ട്. തസീഫ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ ലോക നടപ്പുദിനത്തോടും ലോക വിനോദസഞ്ചാര ദിനത്തോടും അനുബന്ധിച്ച് സെപ്റ്റംബര്‍ 29നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ 160ഓളം രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തെ പ്രധിനിധീകരിച്ചുകൊണ്ടാണ് തൊടുപുഴയില്‍ 'ബിഗ് സല്യൂട്ട്' എന്ന പേരില്‍ പരിപാടി നടത്തുന്നത്. 4000 മുതിര്‍ന്നവരെയും 1000 കുട്ടികളെയും ഉള്‍പ്പെടുത്തി 5000ഓളം ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്  തൊടുപുഴ മങ്ങാട്ടുകവലയില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരം നടന്നതിന് ശേഷം തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സമാപനം സംഘടിപ്പിക്കും.
 
വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി,  പി ജെ ജോസഫ്  എം.എല്‍.എ , ജോയ്‌സ് ജോര്‍ജ് എം പി, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു എന്നിവരുടെ  സാന്നിധ്യം പരിപാടിയില്‍ ഉണ്ടാകും. പങ്കെടുക്കുന്ന ഓരോരുത്തരും ഇതിനായി മുന്നേ രജിസ്റ്റര്‍ ചെയ്യുകയും ശേഷം  എല്ലാവര്‍ക്കും 'തസീഫ' എന്ന സംഘടനയുടെ പങ്കെടുത്തതിനായുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും.  തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍  ജില്ലാ കളക്ടര്‍ ജീവന്‍ ബാബു, ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണര്‍ എ ഷറഫ് എന്നിവരാണ് ബിഗ് സല്യൂട്ട് പരിപാടിയുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തൊടുപുഴയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പരിപാടിക്കായുള്ള മൊബൈല്‍ ആപ്പിന്റെയും ലോഗോയുടെയും ഔദ്യോഗിക പ്രകാശനം ജില്ലാ കളക്ടര്‍ ജീവന്‍ ബാബു നിര്‍വഹിച്ചു.