Sunday 17th of February 2019

ചെറുതോണി ഡാം: അഞ്ചു ഷട്ടറുകളും തുറന്നു: സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം

Category: Idukki Published: Friday, 10 August 2018
 
ഇടുക്കി:  അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. വ്യാഴാഴ്ച 50 ക്യുമെക്സ് ജലം തുറന്നുവിട്ടുകൊണ്ട് പരീക്ഷണാടിസ്ഥാനത്തിലാണ് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നത്. എന്നാല്‍ നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ഷട്ടര്‍ തുറന്നുതന്നെ വയ്ക്കുകയും വെള്ളിയാഴ്ച രാവിലെ 7ന് രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയും ചെയ്തു. 11.30 ഓടെ ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമായി ഉയര്‍ത്തി 300 ക്യുമെക്സ് വെള്ളവും ഉച്ചക്ക് 1.30ഓടെ 400, 500, 600 ക്യുമെക്സ് വീതം ഘട്ടം ഘട്ടമായി ഉയര്‍ത്തി. എല്ലാ ഷട്ടറുകളും തുറന്ന് 600 ക്യുമെക്സ് ജലം തുറന്നുവിട്ടു തുടങ്ങി. ചെറുതോണി ഡാമില്‍ നിന്നുള്ള വെള്ളം പെരിയാറിലേക്ക് ഒഴുകുന്ന വഴികളെല്ലാം നിയന്ത്രണാധീനമാണെന്നും ജനങ്ങളുടെ രക്ഷയ്ക്കുള്ള എല്ലാ നടപടികളും സ്വീകരിച്ചുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 
 
ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തിലെ പുഴയോരങ്ങളില്‍ ബാധിക്കപ്പെടാവുന്ന വീടുകളില്‍ താമസിക്കുന്നവരെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയും കാലവര്‍ഷ കെടുതി അനുഭവിക്കുന്നവര്‍ക്കുവേണ്ടിയും ഇടുക്കി താലൂക്കില്‍ 7 ക്യാമ്പുകളാണ് തുറന്നത്. അവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം തുറന്നിട്ടുണ്ട്. പണിക്കന്‍കുടി ജി.എല്‍.പി.എസില്‍ 52 ഉം പന്നിയാര്‍കുട്ടി എല്‍.പി.എസില്‍ 62ഉം മുള്ളരിക്കുടി ജി.എല്‍.പി.എസില്‍ 24 പേരും മനിയറ അംഗന്‍വാടിയില്‍ 6 പേരും, മുനിയറ എല്‍.പി.എസില്‍ 96 ഉം, കീരിത്തോട് പാരിഷ് ഹാളില്‍ 233 ഉം ക്രിസ്തുരാജ പാരീഷ്ഹാളില്‍ 75 ഉം പേര്‍ താമസിക്കുന്നുണ്ട്. 
 
ആരോഗ്യരക്ഷയ്ക്ക് വിപുലമായ സജ്ജീകരണങ്ങള്‍
 
ആരോഗ്യരക്ഷ ഉറപ്പാക്കാനായി വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നിവിടങ്ങളിലെ എല്ലാ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും സജ്ജമാക്കി. ചെറുതോണി, തടിയമ്പാട്, കീരിത്തോട്, എന്നിവിടങ്ങളില്‍ മൊബൈല്‍ യൂണിറ്റുകളുണ്ട്. ആവശ്യമായ മരുന്നുകളും സ്റ്റാഫിനെയും ഒരുക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടിവെള്ള സ്രോതസകള്‍ മലിനമായാല്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിങ് പൗഡറും ക്ലോറിന്‍ ടാബ് ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. 
 
ഫയര്‍ ആന്‍ഡ് റെസ്‌ക്യു
 
ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജരായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം ചെറുതോണിയിലും പരിസരപ്രദേശത്തും നിലയുറപ്പിച്ചിരിക്കുകയാണ്. കരിമ്പന്‍ ചപ്പാത്ത്, പനംകുട്ടി, കീരിത്തോട്, ചെറുതോണി പാലം, തടിയമ്പാട്, വിമലഗിരി, ഇടുക്കി എന്നിവിടങ്ങളിലായി 51 പേരടങ്ങിയ  ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഇടുക്കിയില്‍ സ്‌കൂബാ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. മൂന്ന് ആംബുലന്‍സും ഒരു സ്‌കൂബാ വാനും ഉള്‍പ്പെടെ 10 വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 
 
ആര്‍മിയും ദുരന്തനിവാരണസേനയും രംഗത്ത്
 
ഏതു അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയും 49 സേനാഗങ്ങളും നാലു ഓഫീസര്‍മാരും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ അടിമാലി, മാങ്കുളം, പള്ളിവാസല്‍, കൊന്നത്തടി എന്നിവയിലും ചെറുതോണിയിലും കരിമ്പനിലുമായി  കര്‍മരംഗത്തുണ്ട്. 75 പേരടങ്ങിയ ആര്‍മി സംഘം അടിമാലിയിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. 
 
പോലീസ് സേനയും സുസജ്ജം
 
ആറ് ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ 200ഓളം പേരടങ്ങിയ പോലീസ് സംഘമാണ് ചെറുതോണിയിലും പരിസരത്തും കര്‍മ്മനിരതമായിരിക്കുന്നത്. ആറ് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അറ് ഇന്‍സ്പെക്ടര്‍മാരും 10 എസ്.ഐമാരും 172 പോലീസുകാരും ആണ് സംഘത്തിലുള്ളത്. 
 
വിപുലമായ ഏകോപനം
 
മുഖ്യന്ത്രി പിണറായി വിജയന്‍, വൈദ്യതി വകുപ്പ് മന്ത്രി എം.എം മണി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസംഘം ആഴ്ചകള്‍ നീണ്ട സജ്ജീകരണങ്ങളാണ് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വകീരിച്ചത്.  ജൂലൈ 27ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഒരുക്കങ്ങള്‍  വിലയിരുത്തി. തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ 28 ന് കളക്ടേറ്റില്‍ വിവിധ വകുപ്പു തലവന്മാരുടെ യോഗം വിളിച്ചുചേര്‍ത്ത് ഒരുക്കങ്ങളുടെ ഓരോ വിശദാംശങ്ങളും പരിശോധിച്ചു. അന്ന് തന്നെ ഉദ്യോഗസ്ഥ സംഘം ഡാം തുറന്നാല്‍ വെള്ളമൊഴുകുന്ന സ്ഥലങ്ങളെല്ലാം നേരിട്ട് പരിശോധിച്ച് എത്ര വീടുകളെയും സ്ഥാപനങ്ങളെയും ബാധിക്കുമെന്ന് കണ്ടെത്തി. 29-ാം തിയതി ഇടുക്കി താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥതലത്തില്‍ അതുവരെയുള്ള പ്രവര്‍ത്തനം അവലോകനം ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 30ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അന്തിമമായി വിലയിരുത്തിയശേഷം ബാധിക്കപ്പെടുന്ന പ്രദേശങ്ങളില്‍ നേരിട്ട് ചെന്ന് വീടുകളില്‍ നോട്ടീസ് നല്‍കുകയും മാറിത്താമസിക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഓഗസ്റ്റ് ഒമ്പതാം തീയതി ട്രയല്‍ റണ്‍ ആരംഭിച്ചത്.