Thursday 21st of March 2019

ഖാദി വില്‍പ്പന കൗണ്ടര്‍ തുറന്നു

Category: Idukki Published: Thursday, 09 August 2018
ഇടുക്കി : ഈ വര്‍ഷത്തെ ഓണം ബക്രീദ്  ഖാദിമേളയുടെ ഭാഗമായി കലക്‌ട്രേറ്റില്‍ ഖാദി വസ്ത്രങ്ങളുടെ വില്‍പ്പന കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് എ.ഡി.എം പി.ജി. രാധാകൃഷ്ണന് വസ്ത്രങ്ങള്‍ നല്‍കി ആദ്യവില്‍പ്പന ഉദ്ഘാടനം ചെയ്തു. ഈ മാസം 24 വരെ നീണ്ടുനില്‍ക്കുന്ന വിപണനമേളയില്‍ ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. നവീനമായ ഡിസൈനുകളില്‍ ഉള്‍പ്പെടെ ഖാദി ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് എത്തിയിട്ടുള്ളത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50,000 രൂപയുടെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. ആയിരം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഒരു സമ്മാനകൂപ്പണ്‍ ലഭിക്കും. നറുക്കെടുപ്പിലൂടെ ഒരു മാരുതി വാഗണ്‍ ആര്‍ കാര്‍ , രണ്ടാം സമ്മാനം അഞ്ചു പവന്‍ സ്വര്‍ണ്ണം രണ്ട് പേര്‍ക്കും  ഓരോ ജില്ലയിലും ആഴ്ചതോറും ഒരാള്‍ക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ എന്നിവ സമ്മാനമായി ലഭിക്കും. ഖാദി പ്രോജക്ട് ഓഫീസര്‍ ആന്റോ സെബാസ്റ്റ്യന്‍, ജൂനിയര്‍ സൂപ്രണ്ട് ഇ. നാസര്‍, സീനിയര്‍ ക്ലര്‍ക്ക് എ.ജി. വിജയന്‍ ജീവനക്കാരായ അനു എം.ആര്‍, പി.കെ. സജി എന്നിവര്‍ക്കാണ് കലക്‌ട്രേറ്റിലെ ഖാദിവിപണന കൗണ്ടറിന്റെ ചുമതല.