Saturday 18th of August 2018

റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്താന്‍ പരിശോധന തുടങ്ങി

Category: Idukki Published: Monday, 06 August 2018
ഇടുക്കി: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ഉടുമ്പന്‍ചോല താലൂക്കില്‍ ആരംഭിച്ചു. ഓഗസ്റ്റ് രണ്ടിന് നടത്തിയ പരിശോധനയില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ച 16 എണ്ണം പിടിച്ചെടുത്തു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റേഷനിംഗ് ഇന്‌സ്‌പെക്ടര്‍ ഉള്‍പ്പെട്ട സംഘമാണ് കാര്‍ഡുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചത്. 
      സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ ജീവനക്കാര്‍, ഒരു ഏക്കറിനുമേല്‍ ഭൂമിയുള്ളവര്‍, 1,000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, നാല് ചക്ര വാഹനമുള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, സര്‍വ്വീസ് പെന്‍ഷണര്‍, 25,000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളവര്‍, വിദേശത്ത് ജോലിയുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ വിഭാഗം കാര്‍ഡ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. അത്തരത്തിലുള്ള കാര്‍ഡുകള്‍ 10ന് മുമ്പായി ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
   അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചിട്ടുള്ള ആളുകളെ സംബന്ധിച്ച വിവരം പൊതുജനങ്ങള്‍ക്കും താലൂക്ക് സപ്ലൈ ഓഫീസില്‍ അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരം രേഖപ്പെടുത്തേണ്ടതില്ല. ഫോണ്‍ 04868 232047.