Wednesday 19th of December 2018

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹരിതമാകുന്നു

Category: Idukki Published: Wednesday, 31 January 2018
ഇടുക്കി: ശുചിത്വ മാലിന്യ പരിപാലനത്തിന് ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ നല്‍കിയ 10 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാലിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ധാരണയായി.
ഓഫീസുകളിലെ മുഴുവന്‍ പാഴ്‌വസ്തുക്കളും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുക, അജൈവ മാലിന്യങ്ങള്‍ (പ്ലാസ്റ്റിക്, പേപ്പര്‍) മുതലായവ തരംതിരിച്ച് സൂക്ഷിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കുക, ആഹാരവും വെള്ളവും കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന (സ്റ്റീല്‍, ചില്ല്, സെറാമിക്, കട്ടിയുള്ള പ്ലാസ്റ്റിക്) പാത്രങ്ങളില്‍ മാത്രം കൊണ്ടുവരിക, ഡിസ്‌പോസിബിള്‍ കവറുകളിലും പൊതികളിലും ആഹാരം കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിക്കുക, മീറ്റിംഗുകളിലും പരിശീലന പരിപാടികളിലും സന്ദര്‍ശകര്‍ക്കും ആഹാരം, ലഘുഭക്ഷണം ചായ, വെള്ളം എന്നിവ വിതരണം ചെയ്യുന്നതിന് സ്റ്റീല്‍ ഗ്ലാസ്, പ്ലേറ്റ്, സ്പൂണ്‍ മുതലായവ ആവശ്യാനുസരണം വാങ്ങി സൂക്ഷിക്കുക, ഏതെങ്കിലും ഒരു കമ്പോസ്റ്റിംഗ് സംവിധാനം സ്ഥാപിച്ചു പ്രവര്‍ത്തനക്ഷമമാക്കി വക്കുക, പരിസരത്ത് നിലവിലുള്ള ജലസ്രോതസുകള്‍ (കിണര്‍, കുളം) മാലിന്യമുക്തമാക്കി സൂക്ഷിക്കുക, ശുചിമുറി, വാഷ്‌ബേസിന്‍ എന്നിവ വൃത്തിയാക്കുകയും വെള്ളം പാഴായി പോവുന്നുണ്ടെങ്കില്‍ റിപ്പയര്‍ ചെയത് ശരിയാക്കി വക്കുകയും ചെയ്യുക, എല്ലാ മാസവും നിശ്ചിത ദിവസം പ്രവര്‍ത്തി സമയത്തിന് മുമ്പോ പിമ്പോ ഒരു മണിക്കൂര്‍ ഓഫീസ് പരിസരം വൃത്തിയാക്കുന്നതിന് മാറ്റി വക്കുക ഓഫീസ് മേധാവി ഇത് ഉറപ്പുവരുത്തുകയും ഇതിനായി ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.