Wednesday 19th of December 2018

മതനിരപേക്ഷതയും ജനാധിപത്യസംവിധാനങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണം

Category: Idukki Published: Saturday, 27 January 2018
ഇടുക്കി: രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനയും അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഇടുക്കി ജില്ലാപഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ഭാവി ഇന്നത്തെ നിലയില്‍ ഉത്കണ്ഠപ്പെടുത്തുന്നതാണ്. ഭരണഘടനാപരമായ പ്രതിസന്ധികളില്‍ രക്ഷിക്കേണ്ട ഉന്നത ജുഡീഷ്യറിയില്‍ നിന്നുപോലും ഉത്കണ്ഠപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. മതനിരപേക്ഷതയും ജനാധിപത്യ സംവിധാനങ്ങളും സ്വതന്ത്രമായ ജുഡീഷ്യറിയുമാണ് രാജ്യത്തിന്റെ പരമാധികാരത്തിന്റെ അടിസ്ഥാനം. നാനാത്വത്തില്‍ അധിഷ്ഠിതമായ ഏകത്വം എന്നത് രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയുമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും സ്വതന്ത്രമായ ജുഡീഷ്യറിയും മതേരത്വവും സംരക്ഷിക്കാനും രാജ്യം നേരിടുന്ന പ്രതിബന്ധങ്ങളെ തരണംചെയ്യാനും ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് മന്ത്രി ഉദ്‌ബോധിപ്പിച്ചു.
റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാകളക്ടര്‍ ജി.ആര്‍.ഗോകുല്‍, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഗസ്തി അഴകത്ത്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍, ജനപ്രതിനിധികളായ അമ്മിണി ജോസ്, കെഎം ജലാലുദ്ദീന്‍, റ്റിന്റുസുഭാഷ് എന്നിവരും റോമിയോ സെബാസ്റ്റ്യന്‍, എ പി ഉസ്മാന്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.