Thursday 21st of November 2019

കസേരയ്ക്ക് ആറു രൂപ, ഊണിന് 80, കുട പിടിക്കാന്‍ 150

Category: Ernakulam Published: Friday, 04 October 2019
 
 
കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ പ്രചരണാവശ്യത്തിനുപയോഗിക്കുന്ന വിവിധ വസ്തുക്കളുടെ നിരക്ക് പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചതു പ്രകാരം ഒരു കസേരക്ക് ആറു രൂപയാണ് പ്രതിദിനവാടക. ഊണിന് 80 രൂപയും സ്റ്റിക്കര്‍ പതിച്ച ഒരു കുടക്ക് 150  രൂപയും ചെലവ് കണക്കാക്കും. കൈയില്ലാത്ത കസേരക്കാണ് ആറു രൂപ. കൈയുള്ള കസേരക്ക് എട്ടുരൂപയാണ് ഒരു ദിവസത്തെ വാടക.  വിഐപി കസേരയാണെങ്കില്‍ 50 രൂപ നല്‍കണം.  മേശയ്ക്ക് 25 രൂപയും സോഫയ്ക്ക് 250 രൂപയുമാണ് നിരക്ക്.  ഒരു ബാഡ്ജിന് മൂന്നു രൂപ കണക്കാക്കും.
 
ആംപ്ലിഫൈയറോടു കൂടിയ സ്പീക്കറിന് 1500 രൂപയും സ്റ്റാന്റോടു കൂടിയ മൈക്രോഫോണിന് 250 രൂപയും എക്കോ മിക്‌സറിന് 650 രൂപയും സി.ഡി.പ്ലേയറിന് 200 രൂപയുമാണ് നിരക്ക്. എല്‍സിഡി പ്രൊജക്ടര്‍ 1500 രൂപ, എല്‍ഇഡി ടിവി (40-56 ഇഞ്ച്) 1500 രൂപ, വാട്ടര്‍ കൂളറിന് 1500 രൂപ വീതമാണ് പ്രതിദിന നിരക്ക്.
 
1000 പോസ്റ്ററുകള്‍ക്ക് 4500 രൂപ കണക്കാക്കും. 500 സീറ്റുകളുള്ള ഹാളിന് 10,000 രൂപയും അഞ്ഞൂറില്‍ത്താഴെ സീറ്റുള്ളവയ്ക്ക് 6,000 രൂപയുമാണ് വാടക. 10 പേരുള്ള ചെണ്ടമേളത്തിന് 7,000 രൂപയും 20 പേരുള്ള ചെണ്ടമേളത്തിന് 12,000 രൂപയും ശിങ്കാരിമേളത്തിന് 10,000 രൂപയും പഞ്ചവാദ്യത്തിന് 5,000, നാദസ്വരത്തിന് 4,000,  എട്ടു പേരുള്ള കാവടിയാട്ടത്തിന് 10,000രൂപ വീതം കണക്കാക്കും.
 
കംപ്യൂട്ടറിന് ദിവസം 850 രൂപയാണ് വാടക. വീഡിയോ റെക്കോഡിങ്ങിന് മണിക്കൂറിന് 3,000 രൂപയും കമാനത്തിന് 2,500 രൂപയുമാണ്  നിശ്ചയിച്ചിട്ടുള്ളത്. ഡ്രൈവര്‍ക്ക് 700 രൂപ വീതം പ്രതിദിനം കണക്കാക്കും.  
 
ഹാന്‍ഡി ക്യാമിന് പ്രതിദിനം 400, ഡ്രോണ്‍ ക്യാമറക്ക് മണിക്കൂറിന് 300 രൂപ വീതം നല്‍കണം. അലങ്കരിച്ച ജീപ്പിന് 3000 രൂപയാണ്  നിരക്ക്.  ഗാനമേളയോ നാടന്‍ പാട്ടോ സംഘടിപ്പിക്കാന്‍ 10,000 രൂപ വേണം. ഒരു മൊബൈല്‍ എസ് എം എസിന് 25 പൈസ കണക്കാക്കും.  ടൂറിസ്റ്റ് ബസ്സ് വിളിക്കാന്‍ 8,500 രൂപ വേണം. വാഹന പ്രചരണത്തിന് പ്രതിദിനം ഒരാള്‍ക്ക്  1,000 രൂപ നിരക്കില്‍ കണക്കാക്കും.
 
10 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാട് ആരു നടത്തിയാലും ആദായ നികുതി വകുപ്പിനെയും ചെലവ് നിരീക്ഷണ സ്‌ക്വാഡിനെയും വിവരമറിയിക്കാന്‍  ബാങ്കുകള്‍ക്ക്  നിര്‍ദ്ദേശമുണ്ട്. നിരക്ക് സംബന്ധിച്ച പട്ടിക തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.