Saturday 24th of August 2019

ലൈഫ് ഭവനപദ്ധതി: പരമാവധി പേരെ ഗുണഭോക്താക്കളാക്കും

Category: Ernakulam Published: Friday, 19 July 2019
കാക്കനാട്: ലൈഫ് ഭവന പദ്ധതിയില്‍ ഗുണഭോക്താക്കളായി കണ്ടെത്തിയതും തീരദേശ പരിപാലന ചട്ടങ്ങള്‍ (സി.ആര്‍.ഇസഡ്), നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം എന്നിവയാല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തതുമായ അപേക്ഷകളില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശം നല്‍കി. 
ലൈഫ് പദ്ധതിക്ക് കീഴില്‍ പരമാവധി പേര്‍ക്ക് വീട് ലഭ്യമാക്കുന്നതിനായി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ അവലോകന യോഗത്തില്‍ ഈ മാസം 31ന് മുന്‍പായി പരമാവധി ലൈഫ് ഗുണഭോക്താക്കളെ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ജില്ലയില്‍ 156 സി.ആര്‍.ഇസഡ് അപേക്ഷകളാണ് ഉള്ളത്. ഈ മാസം 25ന് ജില്ലാതല സി.ആര്‍.ഇസഡ് കമ്മറ്റി ചേരുന്നതിന് മുന്‍പായി എല്ലാ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ജില്ലാതല മോണിറ്ററിംഗ് സമിതിയിലേക്ക് അയക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ഓണത്തിന് മുന്‍പായി 80 ശതമാനം ലൈഫ് ഗുണ ഭോക്താക്കള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കുന്നത് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. 
സിവില്‍ സ്റ്റേഷന്‍ പ്ലാനിംഗ് ഹാളില്‍ നടന്ന യോഗത്തില്‍ ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലേഖ കാര്‍ത്തി, വിവിധ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.