Saturday 24th of August 2019

അതിജീവനത്തിന്റെ പാതയില്‍ വൈപ്പിനിലെ പഞ്ചായത്തുകള്‍

Category: Ernakulam Published: Thursday, 18 July 2019
 
 
കൊച്ചി: പ്രളയം നാശനഷ്ടം വിതച്ച വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ  എടവനക്കാട്, കുഴിപ്പിള്ളി, നായരമ്പലം, പള്ളിപ്പുറം, ഞാറയ്ക്കല്‍ പഞ്ചായത്തുകള്‍ അതിജീവനത്തിന്റെ പാതയിലാണ്. പഞ്ചായത്തുകളില്‍ വാസയോഗ്യമല്ലാതായ ഭവനങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള  പദ്ധതികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. പ്രളയക്കെടുതിയില്‍ പഞ്ചായത്തുകളിലെ പതിനായിരത്തോളം കുടുംബങ്ങളാണ്  ദുരിതബാധിതരായത്. മുപ്പതിനായിരത്തില്‍ പരം ആളുകള്‍ക്ക് വീടുകളില്‍ നിന്ന് ഒഴിഞ്ഞു പോകേി വന്നു.  
 
 
പ്രളയാനന്തരം ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്റ്‌സ്  അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 
 
എടവനക്കാട്, നായരമ്പലം, പള്ളിപ്പുറം, കുഴുപ്പിള്ളി, ഞാറയ്ക്കല്‍ പഞ്ചായത്തുകളിലായി ആകെ 65 വീടുകളാണ് ബ്ലോക്കില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. വീടുകള്‍ക്കും, കൃഷിക്കും, കച്ചവട സ്ഥാപനങ്ങള്‍ക്കും, മത്സ്യ ബന്ധനത്തിനും ഉള്‍പ്പടെ കോടികളുടെ നാശനഷ്ടവും ഉണ്ടായിരുന്നു. 
 
സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തില്‍ 42 ഭവനങ്ങളാണ് ബ്ലോക്കില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ 16 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 15 വീടുകളുടെ മേല്‍ക്കൂരയും 9 വീടുകളുടെ ലിന്റിലും രണ്ടു വീടുകളുടെ ബെയ്‌സ്‌മെന്റ് പണികളും പൂര്‍ത്തിയായി. 
 
ഡിപി വേല്‍ഡ് എടവനക്കാട് പഞ്ചായത്തില്‍ ആറും നായരമ്പലം പഞ്ചായത്തില്‍ രണ്ടും പള്ളിപ്പുറം പഞ്ചായത്തില്‍ രണ്ടു വീടുകളുമാണ് നിര്‍മ്മിക്കുന്നത്. ഈ വീടുകളുടെ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . 
 
കെയര്‍ ഹോം പദ്ധതി പ്രകാരം എടവനക്കാട് പഞ്ചായത്തില്‍ രണ്ടും നായരമ്പലം പഞ്ചായത്തില്‍ ഒന്നും പള്ളിപ്പുറം പഞ്ചായത്തില്‍ പത്തും വീടുകളാണ് നിര്‍മ്മിക്കുന്നത്. 12 വീടുകളുടെയും ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കി ശേഷിക്കുന്ന ഒരു വീടിന്റെ മേല്‍ക്കൂര വരെയുള്ള പണികളും പൂര്‍ത്തിയായി.