Saturday 24th of August 2019

റോഷ്‌നി പദ്ധതി വിജയക്കുതിപ്പിലേക്ക്

Category: Ernakulam Published: Tuesday, 14 May 2019
 
കൊച്ചി: കുടിയേറ്റ തൊഴിലാളികളുടെ കുട്ടികള്‍ക്ക് മികച്ച സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതിന് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതി വന്‍ വിജയത്തിലേക്ക്. സ്വന്തം ദേശവും ഭാഷയും ഉപേക്ഷിച്ച് ജീവിതം പടുത്തുയര്‍ത്തുവാന്‍ കേരളത്തിലേക്ക് എത്തിയ അതിഥി തൊഴിലാളികളികള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം ആദ്യഘട്ടത്തില്‍ വലിയ പ്രശ്‌നമായിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കുടിയേറ്റ തൊഴിലാളികളുടെ കുട്ടികള്‍ കൊഴിഞ്ഞു പോകുന്നത് തടയാനായി ആവിഷ്‌കരിച്ച പദ്ധതി ഇന്ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ആശ്രയമാണ്. 
 
താങ്ങായി റോഷ്‌നി എത്തിയപ്പോള്‍ അഥിതിയായെത്തിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് നാടിന്റെ അഭിമാനമായിരിക്കുകയാണ്. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മിന്നുന്ന നേട്ടമാണ് വിദ്യാര്‍ത്ഥികള്‍ കാഴ്ചവച്ചിരിക്കുന്നത്. 18 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാവരും ഉന്നത വിദ്യാഭ്യാസത്തിന്  അര്‍ഹത നേടി. റോഷ്‌നി പദ്ധതിയില്‍ ജില്ലയിലെ ആദ്യ ബാച്ചാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ബിനാനിപുരം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എം ദില്‍ഷാദ് എല്ലാ വിഷയങ്ങള്‍ക്കും  എ പ്ലസ്സും കരസ്ഥമാക്കി. 
 
തൃക്കണാവട്ടം എസ് എന്‍ എച്ച് എസ് വിദ്യാലയത്തിലാണ് ഏറ്റവും കൂടുതല്‍ അഥിതി തൊഴിലാളികളുടെ കുട്ടികള്‍ പരീക്ഷ എഴുതിയത്. ഒമ്പത് വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഇതില്‍ ആര്യന്‍ ഗുപ്ത എന്ന വിദ്യാര്‍ത്ഥി 9 എ പ്ലസ്സും നന്ദന മധു ദേശ്പാണ്ഡേ എന്ന വിദ്യാര്‍ത്ഥിനി 8 പ്ലസ്സും കരസ്ഥമാക്കിയിട്ടുണ്ട്. ബിനാനിപുരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നാല് വിദ്യാര്‍ഥികളും എളമക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 5 ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്. മലയാളം മാതൃഭാഷ അല്ലെങ്കിലും മലയാളത്തില്‍ അതില്‍ ഒന്നും രണ്ടും പേപ്പറുകളില്‍ എ പ്ലസ്സും വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കി. 
 
ആലുവ, പെരുമ്പാവൂര്‍ ഭാഗങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ചേര്‍ക്കുന്നതിനായി സര്‍വ്വശിക്ഷാ അഭിയാനും  പൊതുവിദ്യാഭ്യാസ വകുപ്പും ശ്രമങ്ങള്‍ നടത്തി. ഇതിന്റെ ഫലമായി നിരവധി ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍  പഠിക്കാനെത്തി. എന്നാല്‍ ക്ലാസ് മുറികളില്‍  പ്രധാന ഭാഷ മലയാളം ആയതിനാല്‍ ഹിന്ദി, ബംഗാളി, ഓറിയ, ആസാമി, മറാഠി ഭാഷകള്‍ സംസാരിക്കുന്ന കുട്ടികള്‍ക്ക് പഠനം പ്രയാസമായി. കുട്ടികള്‍ വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞു പോകുന്നതിന് കാരണമായി. ഈ സാഹചര്യത്തിലാണ് ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റോഷ്‌നി പദ്ധതി  വിദ്യാലയങ്ങളില്‍ ആവിഷ്‌കരിച്ചത്.
 
ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. സ്‌കൂള്‍ പ്രായക്കാരായ മൂവായിരത്തിലധികം ഇതര സംസ്ഥാന  കുട്ടികള്‍ ജില്ലയില്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. 
 
നാലുവര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ബിനാനിപുരം പൂരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആരംഭിച്ച പദ്ധതി ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാണ്. കേരളത്തിലെ ക്ലാസ് മുറികളില്‍ റോഷ്‌നി പദ്ധതി വഴി ഒരു മിനി ഇന്ത്യയാണ് രൂപപ്പെടുന്നത്. ഇന്ന് ജില്ലയിലെ 20 വിദ്യാലയങ്ങളിലായി അറുന്നൂറോളം വിദ്യാര്‍ത്ഥികളാണ് റോഷ്‌നി പദ്ധതിയില്‍ വിദ്യ അഭ്യസിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം 40 വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, സര്‍വ ശിക്ഷാ അഭിയാന്‍, സന്നദ്ധസംഘടനകള്‍, ബി പി സി എല്‍ എന്നിവയുടെ സഹായത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പാക്കുന്നത്. 
 
ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് മലയാള ഭാഷയില്‍ പ്രാവീണ്യം നല്‍കുന്നതിനുള്ള കോഡ് സ്വിച്ചിങ്, സ്‌കൂള്‍ സമയത്തിന് പുറമെ രാവിലെ ഒരു മണിക്കൂര്‍  കുട്ടികള്‍ക്ക് താല്പര്യമുള്ള ഭാഷയില്‍ പ്രത്യേക പരിശീലനം, ലഘു പ്രഭാത ഭക്ഷണം, സമഗ്ര വിദ്യാഭ്യാസ ത്തിന്റെ ഭാഗമായി ശില്‍പ്പശാലകള്‍, പഠനയാത്രകള്‍ തുടങ്ങിയവ പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയാണ് റോഷ്‌നിയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. വിവിധ ഭാഷക്കാരായ കുട്ടികളെ പാഠ്യവിഷയം ചിത്രങ്ങളുടെയോ, വീഡിയോയുടെ മോ, വസ്തുക്കള്‍ നേരിട്ട് പരിചയപ്പെടുത്തിയോ ക്ലാസിന്റെ ഭാഗമാകുന്ന പഠന ക്രമമാണ് കോഡ് സ്വിച്ചിങ് . ആദ്യം ആദ്യം കുട്ടികളുടെ ഭാഷയില്‍ പരിചയപ്പെടുത്തുന്ന വാസ്തുവിനെ എന്താണ് പറയുന്നതെന്ന് ചോദിക്കുകയും പിന്നീട് മലയാളത്തില്‍ അത് എന്താണെന്ന് പറഞ്ഞു കൊടുക്കുകയുമാണ് അധ്യാപകര്‍ ചെയ്യുന്നത്. ഇങ്ങനെ കുട്ടികളുടെ മാതൃഭാഷയിലൂടെ അവര്‍ക്ക് മലയാളഭാഷയെ പരിചയപ്പെടുത്തുന്നു. 
 
രാവിലെ എട്ട് മണിക്ക് ക്ലാസുകള്‍ ആരംഭിക്കും. ബി പി സി എല്ലിന്റെ സഹായത്തോടെ കുട്ടികള്‍ക്ക്  പ്രഭാതഭക്ഷണം നല്‍കും.  ഒരു കുട്ടിക്ക് 20 രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കൂടാതെ 10 രൂപ സ്റ്റേഷനറി  ഉപകരണങ്ങള്‍ വാങ്ങുന്നതിനായി അനുവദിച്ചിട്ടുണ്ട്. ബംഗാളി, ഒറിയ, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്ന സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തി അവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
 
റോഷ്‌നി പദ്ധതിയുടെ ഭാഗമായി നിരവധി ആനുകൂല്യങ്ങളാണ് ഈ വര്‍ഷം കുട്ടികള്‍ക്കായി നടപ്പിലാക്കുന്നത്. കുട്ടികളുടെ കുടുംബാന്തരീക്ഷം, ഭൗതികസാഹചര്യങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനായി സര്‍വ്വേ നടത്തും. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കാനായി എന്‍ എച്ച് എമ്മിന്റെ സഹായത്തോടെ ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കും. ഈ കാര്‍ഡില്‍ കുട്ടികളുടെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തുകയും ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്യും. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്  ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ആവാസ് ഇന്‍ഷുറന്‍സ് പേരില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ അധിക തൊഴിലാളികള്‍ക്കും കുടുംബത്തിനും ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും.
 
ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളുടെ കലാപരമായ മേന്മകളും അഭിരുചികളും പ്രകടിപ്പിക്കുന്നതിന് ആവിഷ്‌കരിക്കുന്ന പരിപാടിയാണ് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച്. കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ കള്‍ പ്രകടിപ്പിക്കുന്നതിന് സമ്മര്‍ ക്യാമ്പുകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.