Monday 22nd of April 2019

വോട്ടുവണ്ടി പര്യടനം തുടങ്ങി

Category: Ernakulam Published: Friday, 12 April 2019
 
 
കൊച്ചി: സ്വീപ്പ് വോട്ടര്‍ ബോധവത്കരണത്തിന്റെ ഭാഗമായുള്ള വോട്ടു വണ്ടി ജില്ലയില്‍ പര്യടനം ആരംഭിച്ചു. കാക്കനാട് കളക്ട്രേറ്റ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വോട്ട് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. 
 
എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ഓരോ കേന്ദ്രങ്ങളിലുമെത്തും. ആകെ 7 വണ്ടികളാണ് പര്യടനത്തിലുള്ളത്. ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ഏപ്രില്‍ 22 വരെയാണ് പര്യടനം. പ്രത്യേക പ്രകാശ, ശബ്ദക്രമീകരണങ്ങളോടെയുള്ള വോട്ടുവണ്ടിയില്‍ വോട്ടര്‍ ബോധവത്കരണ ഗാനവും ബോധവത്കരണ സന്ദേശങ്ങളുമുണ്ട്.  
 
രാജ്യത്തിന്റെ ഭാവി രചിക്കാന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏവരും പങ്കാളികളാകണമെന്ന ആഹ്വാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഗാനത്തിലുള്ളത്. കെ.എസ്. ചിത്രയുടെ ആലാപനവും മലയാള സര്‍വകലാശാല വിസി ഡോ.കെ. ജയകുമാറിന്റെ വരികളും മാത്യൂ ടി ഇട്ടിയുടെ സംഗീതവും ഏറെ ആകര്‍ഷകമാണ്. 
 
അസിസ്റ്റന്റ് കളക്ടര്‍ പ്രഞ്ജാല്‍ പാട്ടീല്‍ ലഹേന്‍ സിംഗ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍, എ.ഡി.എം കെ. ചന്ദ്രശേഖരന്‍ നായര്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ ബീന പി. ആനന്ദ് പങ്കെടുത്തു.