Monday 22nd of April 2019

നാഷണല്‍ ട്രസ്റ്റ് അദാലത്ത് നടത്തി

Category: Ernakulam Published: Saturday, 23 March 2019
കാക്കനാട്: ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം തുടങ്ങി വിവിധ തരത്തിലുള്ള വൈകല്യമുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ട്രസ്റ്റ് അദാലത്ത് നടത്തി. പതിനെട്ട് വയസിന് മുകളില്‍ പ്രായമുളള വിവിധ തരത്തില്‍ വൈകല്യമുള്ളവര്‍ക്ക് ലീഗല്‍ ഗാര്‍ഡിയനെ ലഭ്യമാക്കുകയാണ് അദാലത്ത് വഴി ചെയ്യുന്നത്.ഭൂമി സംബന്ധമായ പ്രശ്‌നങ്ങളുമായാണ് അദാലത്തില്‍ കൂടുതല്‍ പേരും എത്തിയത്. പല കേസുകളിലും ലോക്കല്‍ ലെവല്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കമ്മിറ്റിക്ക് തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട നാല് കേസുകളില്‍ ജില്ലാ കളക്ടര്‍ ഇടപ്പെട്ട് തീര്‍പ്പാക്കുകയും ചെയ്തു.
 
എറണാകുളം ജില്ലയില്‍ നാഷണല്‍ ട്രസ്റ്റിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എന്‍.ജി.ഒ ആണ് രക്ഷ സൊസൈറ്റി. രക്ഷാ സൊസൈറ്റിയുടെ പ്രിന്‍സിപ്പലും പ്രോജക്റ്റ് കോര്‍ഡിനേറ്ററും ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ കണ്‍വീനറുമായ എലിസബത്ത് ഫിലിപ്പ്, കമ്മിറ്റി അംഗം സുശീല കുര്യച്ചന്‍, പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി അംഗം എന്‍.ആര്‍ മേനോന്‍, ആദര്‍ശ് സ്‌പെഷ്യല്‍ സ്‌കൂളിലെ ആര്‍. മഹാദേവന്‍, അഡ്വ. രഘു കുമാര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തില്‍ 85 പേരാണ് എത്തിയത്.