Thursday 21st of March 2019

അങ്കമാലി അതിഥി മന്ദിരത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

Category: Ernakulam Published: Saturday, 23 February 2019
കൊച്ചി: അങ്കമാലി പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തിന്റ പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. രണ്ട് നിലകളിലായി രണ്ട് വിഐപി മുറികളടക്കം 12 മുറികളും റിസപ്ഷന്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിംഗ് ഹാള്‍, പാചക മുറി, കെയര്‍ടേക്കര്‍ റൂം, സ്റ്റാഫ് റൂം, രണ്ട് സ്‌റ്റോര്‍ റൂമുകള്‍ എന്നിവ മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  
പുതിയ ബ്ലോക്കിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി മുന്‍ എംഎല്‍എ ജോസ് തെറ്റയിലിന്റ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപയും രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും പൂര്‍ത്തീകരണത്തിനായി ആസ്തി വികസന ഫണ്ടില്‍ നിന്നും 72 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റസ്റ്റ് ഹൗസിലേക്ക് ഫര്‍ണ്ണിച്ചറിന്റെയും അടുക്കള ഉപകരണങ്ങളും വാങ്ങുന്നതിനായി 75.37 ലക്ഷം രൂപ ചെലവഴിച്ചു. 
പ്രവര്‍ത്തനോദ്ഘാടനത്തില്‍ അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. എ. ഗ്രേസി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍. എ. റജീന ബീവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ. മുഹമ്മദ്, ജോസ് തെറ്റയില്‍, പി. ജെ. ജോയ് എന്നിവര്‍ പങ്കെടുത്തു.