Friday 18th of October 2019

പറവൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Category: Ernakulam Published: Monday, 11 February 2019
പറവൂര്‍: കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച വടക്കന്‍ പറവൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മികച്ച ഫയര്‍ സ്റ്റേഷനുകളില്‍ ഒന്നാണ് വടക്കന്‍ പറവൂരിലേതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 
ഒരു കാലത്ത് അഗ്നിശമന സേന മാത്രമായിരുന്ന സേന ഇന്ന് ഒരുപാട് അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് സേന തന്നെ ഒരു വളന്റിയര്‍ വിഭാഗത്തെ ഒരുക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തനം ഇഷ്ടപ്പെടുന്ന യുവതയെയാണ് അതിന് തയാറാക്കുന്നത്. അത്തരത്തില്‍ പരിശീലനം ലഭിച്ച ആയിരകണക്കിന് സന്നദ്ധസേവകര്‍ ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്തെങ്കിലും അപകടം ഉണ്ടായാല്‍ പെട്ടെന്നുതന്നെ അവര്‍ക്കവിടെ ഇടപെടാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് കൂടുതല്‍ വിപുലീകരിക്കേണ്ടതായുണ്ട്. സേവന സദ്ധതയുള്ള എല്ലാവരും ഈ പരിശീലനം നേടുന്നത് നല്ലതാണ്. നമ്മുടെ കണ്‍മുമ്പില്‍ പെടുന്ന ഏത് അപകടത്തിലും രക്ഷകരായി ഇടപെടാന്‍ കഴിയും. ആവശ്യമായ പരിശീലനം ലഭിച്ചാല്‍ കൃത്യമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയും. കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. സേനക്കാവശ്യമായ സജ്ജീകരണങ്ങള്‍ കൂടുതല്‍ നല്ല രീതിയില്‍ കൊടുക്കാനാണ് നടപടികള്‍ എടുത്തുവരുന്നത്. ആവശ്യമായ ഉപകരണങ്ങള്‍ സേനക്ക് ഒരുക്കുകയാണ്. പ്രധാന ആവശ്യം വാഹനങ്ങളും മറ്റ് ഉപകരണങ്ങളുമാണ്. ഉയര്‍ന്ന കെട്ടിടത്തിലും മറ്റും അപകടങ്ങള്‍ ഉണ്ടായാല്‍ ഉപയോഗിക്കേണ്ട അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ്. 
പുതിയ ഇരുനില കെട്ടിടം 2.32 കോടി രൂപ മുതല്‍മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 6,836 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. താഴത്തെ നിലയില്‍ സ്‌റ്റേഷന്‍ ഓഫീസറുടെ മുറിയും വിശ്രമമുറിയും വാച്ച് റൂമും സ്റ്റോര്‍ റൂമും സജ്ജീകരിച്ചിരിക്കുന്നു. മുകളിലെ നിലയില്‍ ലൈബ്രറി ,കോണ്‍ഫറന്‍സ് ഹാള്‍, ഫിറ്റ്‌നസ് സെന്റര്‍, ക്ലാസ് റൂം എന്നിവയുമുണ്ട്. രണ്ട് ഫയര്‍എന്‍ജിനുകള്‍, ജീപ്പ്, വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള റബ്ബര്‍ബോട്ട്, അസ്‌ക ലൈറ്റ്, ഹൈഡ്രോളിക് കട്ടര്‍, 60,000 ലിറ്റര്‍ വെള്ളം ശേഖരിക്കാനുള്ള വാട്ടര്‍ടാങ്ക്, ഫയര്‍ എന്‍ജിനുകള്‍ പാര്‍ക്ക് ചെയ്യാനുള്ള പോളികാര്‍ബണേറ്റ് റൂഫിംഗ് കൂടിയ ഗ്യാരേജ് എന്നിവയും പുതിയ ഫയര്‍സ്‌റ്റേഷനിലെ സൗകര്യങ്ങളാണ്. 
ഉദ്ഘാടന ചടങ്ങില്‍ വി. ഡി. സതീശന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള ഫയര്‍ ആന്റ് റസ്‌ക്യംക്യു ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്‍, എസ്. ശര്‍മ്മ എംഎല്‍എ, പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.