Saturday 15th of December 2018

അശ്വമേധം ക്യാമ്പയിന് പറവൂര്‍ ബ്ലോക്കില്‍ തുടക്കമായി

Category: Ernakulam Published: Wednesday, 05 December 2018
കൊച്ചി: കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ഡിസംബര്‍ 5 മുതല്‍ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രോഗനിര്‍ണയ ഭവന സന്ദര്‍ശന പരിപാടി അശ്വമേധത്തിന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിര്‍വഹിച്ചു. ആരംഭത്തില്‍ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം. നിറം മങ്ങിയതോ ചുവന്നതോ ആയ സ്പര്‍ശന ശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍ എന്നിവയാണ് കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങള്‍. സംസ്ഥാനത്ത് കുഷ്ഠ രോഗ ബാധിതരുടെ എണ്ണം കൂടി വരികയാണ്. ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ രോഗം ബാധിച്ച 273 പേരാണുള്ളത്. ഇതില്‍ 21 പേര്‍ കുട്ടികളാണ്. രോഗം തിരിച്ചറിഞ്ഞ് തുടക്കം മുതല്‍ ചികിത്സ തേടിയാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും. അശ്വമേധം ക്യാമ്പെയിനില്‍ എല്ലാവരും സഹകരിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ് പൗലോസ് അഭ്യര്‍ത്ഥിച്ചു. ഏഴിക്കര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ.വി എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ ഗീത പ്രതാപന്‍, ശിവരാമന്‍, ഷീബ സൈലേഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.