Saturday 15th of December 2018

പ്ലാസ്റ്റിക്കിന് ഗുഡ് ബൈ പറഞ്ഞ് തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത്

Category: Ernakulam Published: Wednesday, 05 December 2018
കൊച്ചി: സമൂഹത്തിന് ഏറെ വിപത്തായ പ്ലാസ്റ്റിക്ക് കിറ്റുകളോട് തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് ഗുഡ് ബൈ പറയുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍ പഞ്ചായത്ത് തലത്തില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പാഴ് വസ്തുവായി വീടുകളിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കിറ്റുകള്‍ പഞ്ചായത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് കളക്ഷന്‍ സെന്റര്‍ പഞ്ചായത്തിനു കീഴില്‍ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ സി പൗലോസ് കളക്ഷന്‍ സെന്റെര്‍ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ഭാഗമായിട്ടാണ് പദ്ധതി പഞ്ചായത്തിനു കീഴില്‍ നടപ്പിലാക്കിയിരിക്കുന്നത്. കുടുംബശ്രീയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 
            കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കും. വൃത്തിയാക്കിയ ബ്ലാസ്റ്ററുകളാണ് ശേഖരിക്കുന്നത്. പഞ്ചായത്തിനു കീഴിലെ 16 വാര്‍ഡുകളിലും വീടുകളില്‍ നേരിട്ടെത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ വാര്‍ഡ് അടിസ്ഥാനത്തിലും പ്ലാസ്റ്റിക് സംഭരണകേന്ദ്രം ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ സി പൗലോസ് പറഞ്ഞു.
 
തിരുവാണിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി വര്‍ഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി കെ ടി സന്തോഷ്, വികസനകാര്യ സ്റ്റാന്‍ഡിന് കമ്മറ്റി ചെയര്‍മാന്‍ ഐ വി ഷാജി, അസിസ്റ്റന്റ് സെക്രട്ടറി പി എസ് റാഫേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു