Sunday 18th of November 2018

മുടക്കുഴ ഗ്രാമ പഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം

Category: Ernakulam Published: Friday, 09 November 2018
എറണാകുളം: മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ പാറ പ്രദേശത്ത് ആധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്. ഇതിനുവേണ്ടിയുള്ള സാങ്കേതിക്കാനുമതിക്കായുള്ള നടപടികള്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 56.62 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 
 
5377 ചതുരശ്രയടി ചുറ്റളവിലാണ് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്. 170 പേരെ ഉള്‍ക്കൊള്ളുന്ന ഹാളും അഞ്ച് മീറ്റര്‍ വീതിയുള്ള സ്‌റ്റേജ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌റ്റേജിന്റെ ഇരുവശങ്ങളിലും ശുചിമുറികളോടു കൂടിയ ഗ്രീന്‍ റൂമുകളും നിര്‍മ്മിക്കുന്നുണ്ട്. 104 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണ ഹാളും ഇതിനോട് ചേര്‍ന്ന് പാചകപ്പുരയും നാല് ശുചിമുറികളും നിര്‍മ്മിക്കും. വിശാലമായ പാര്‍ക്കിങ് സൗകര്യം, പൂന്തോട്ടം എന്നിവയും ഒരുക്കും. ഏറ്റവും മികച്ച മേല്‍ക്കൂരക്കൊപ്പം മികച്ച രീതിയുള്ള രൂപഭംഗിയും ഓഡിറ്റോറിയത്തെ മനോഹരമാക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
 
വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് ലിമിറ്റഡ് ആണ്. ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.