Sunday 17th of February 2019

ജില്ലയില്‍ റവന്യൂ രേഖകളുടെ കമ്പ്യൂട്ടര്‍വല്‍കരണ നടപടികള്‍ മാതൃകാപരം

Category: Ernakulam Published: Friday, 12 October 2018
എറണാകുളം : ജില്ലയില്‍ റവന്യൂ രേഖകളുടെ കമ്പ്യൂട്ടര്‍വല്‍കരണ നടപടികള്‍ സംസ്ഥാനത്തിന് മാതൃകയാണെന്ന് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയോഗം അഭിപ്രായപ്പെട്ടു.  ജില്ലയിലെ കുടിവെള്ളവിതരണം, റവന്യൂ രേഖകളുടെ കമ്പ്യൂട്ടര്‍വല്‍കരണം എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിന് സമിതി അധ്യക്ഷന്‍ വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ഇന്നലെ (ഒക്‌ടോബര്‍ 11) ചേര്‍ന്ന യോഗമാണ് ജില്ലാ ഭരണകൂടത്തെ അഭിനന്ദിച്ചത്.  ജില്ലയില്‍ റവന്യൂ പോക്കുവരവു നടപടികള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍കരിച്ചതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ആകെയുള്ള  127 വില്ലേജുകളും  കമ്പ്യൂട്ടര്‍വല്‍കരിച്ചുകഴിഞ്ഞു.  തണ്ടപ്പേരും, ബി.ടി.ആറും കമ്പ്യൂട്ടര്‍വല്‍കരിച്ചു.  ഓണ്‍ലൈന്‍ നികുതിസ്വീകരണം എല്ലാ വില്ലേജുകളിലും നടക്കുന്നുമുണ്ട്.   പ്രളയം ഓഫീസുകളെ ബാധിച്ചിട്ടും രേഖകള്‍ നഷ്ടപ്പെടാതിരിയ്ക്കാന്‍ കമ്പ്യൂട്ടര്‍വല്‍കരണം സഹായകമായെന്നും കളക്ടര്‍ പറഞ്ഞു.  റീസര്‍വ്വേ സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും തീരദേശസംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ പല കേസുകളിലും പട്ടയം അനുവദിയ്ക്കാന്‍ നിര്‍വ്വാഹമില്ലാത്തത് പരാതിയ്ക്കു കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ജില്ലയില്‍ നഗരപ്രദേശങ്ങളിലെയും കൊച്ചിയിലെയും കുടിവെള്ള വിതരണ നടപടികള്‍ മന്ദഗതിയിലാണെന്ന് സമിതി പറഞ്ഞു.  അമൃത് പദ്ധതിയിലുള്‍പ്പെടുത്തി രണ്ടു വര്‍ഷം മുമ്പാരംഭിച്ച 13 പദ്ധതികള്‍ എങ്ങുമെത്തിയില്ല. നബാര്‍ഡ് സ്‌കീമിലുള്‍പ്പെട്ട പാറക്കടവ് കുടിവെള്ള പദ്ധതി വര്‍ഷങ്ങളേറെയായിട്ടും ചാര്‍ജ്ജു ചെയ്യാനായില്ല.   മാറിമാറിവരുന്ന സര്‍ക്കാരുകളുടെ കാലത്തും വാട്ടര്‍ അതോറിറ്റിയ്ക്ക് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനോ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിയ്ക്കാനോ സാധിക്കുന്നില്ലെന്ന് സമിതി കുറ്റപ്പെടുത്തി.   കോര്‍പ്പറേഷന്‍, നഗരപരിധി പ്രദേശങ്ങള്‍ കുടിവെള്ളലഭ്യതയില്‍ സ്വാശ്രയമായിട്ടില്ല.   തൃക്കാക്കര ഭാഗത്ത് വെള്ളമെത്തിക്കുന്നതിന് പ്ലാന്റു സ്ഥാപിയ്ക്കാന്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ എങ്ങുമെത്തിയില്ല.  കളമശ്ശേരി മെഡിക്കല്‍ കോളേജ്, ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ ശുദ്ധജലവിതരണത്തിന് ഇപ്പോഴും ആലുവ പ്ലാന്റിനെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.  കൊച്ചിയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിയ്ക്കാന്‍  ഇത് അപര്യാപ്തവുമാണ്.  പ്രത്യേക താല്‍പര്യമെടുത്ത് വകുപ്പ് പ്രവര്‍ത്തിച്ചാലേ പരിഹാരം കാണാനാകൂ.  പ്ലാന്റു നിര്‍മ്മാണത്തിനനുയോജ്യമായി കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി വിലയ്ക്കുവാങ്ങുന്ന കാര്യം ആലോചിയ്ക്കാനും സമിതി നിര്‍ദ്ദേശിച്ചു.  ഇതു സംബന്ധിച്ച് കോര്‍പ്പറേഷന്‍ മേയര്‍, നഗരസഭ അധ്യക്ഷന്മാര്‍, കിന്‍ഫ്ര പ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി സെക്രട്ടറി, ഉദ്യോഗസ്ഥര്‍  എന്നിവരുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കാനും നിര്‍ദ്ദേശിച്ചു. 
 
നടപ്പു ജലവിതരണ പദ്ധതികള്‍ അടിക്കടി മുടങ്ങുന്നതായ പരാതി വ്യാപകമാണെന്നും സമിതി പറഞ്ഞു.  ഗുണമേന്മയില്ലാത്ത പൈപ്പുപയോഗിയ്ക്കുന്നതാണ് കാരണമെന്ന് സമിതി വിലയിരുത്തി.  മണ്ണിനടിയില്‍ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു.  ടെണ്ടര്‍ ചെയ്യുമ്പോള്‍ത്തന്നെ ഗുണമേന്മ ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു.  ശുദ്ധജലവിതരണം ഉറപ്പാക്കുന്നതോടൊപ്പം മലിനജല ശുദ്ധീകരണത്തിന് ഊന്നല്‍ നല്‍കിയാല്‍ ജലസേചനത്തിന് ഉപകരിയ്ക്കപ്പെടുമെന്നും സമിതി അഭിപ്രായപ്പെട്ടു.
 
സമിതി അംഗങ്ങളായ കെ.ദാസന്‍, ബി.ഡി. ദേവസി, റോജി എം ജോണ്‍, വി.ആര്‍. സുനില്‍ കുമാര്‍, എ.ഡി.എം.എം.കെ.കബീര്‍, റവന്യൂ, സര്‍വ്വേ, വാട്ടര്‍ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.