Saturday 20th of October 2018

എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റില്‍ സുരക്ഷിത രക്ഷാപ്രവര്‍ത്തനത്തിന് എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍

Category: Ernakulam Published: Thursday, 11 October 2018
എറണാകുളം  : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ (ഇ.ആര്‍.വി) ഉദ്ഘാടനം ചെയ്തു. പാചകവാതക ടാങ്കറുകളോ മറ്റ് ഇന്ധന ടാങ്കറുകളോ അപകടത്തില്‍പ്പെട്ടാല്‍ സുരക്ഷിത രക്ഷാപ്രവര്‍ത്തനം സാധ്യമാക്കുന്ന അത്യാധുനിക സംവിധാനമാണ് ഇ.ആര്‍.വിയില്‍ ഒരുക്കിയിരിക്കുന്നത്. ഐ.ഒ.സി ബോട്ടിലിംഗ് പ്ലാന്റില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ഫലകം  കെ.വി. തോമസ്  എം.പി അനാവരണം ചെയ്തു. ചടങ്ങുകളുടെ ഭാഗമായി സുരക്ഷാ സജ്ജീകരണങ്ങള്‍ വിവരിക്കുന്ന മോക്ക് ഫയര്‍ ഡ്രില്ലും നടന്നു. 
 
നാലുകോടി രൂപ ചെലവുവരുന്ന സി.എസ്.ആര്‍ പദ്ധതികളാണ് കമ്പനി സംസ്ഥാനത്ത് നടത്തുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ പി. എസ്.മണി പറഞ്ഞു. ജില്ലയിലെ നെല്ലറയായ തോട്ടറ പുഞ്ചയില്‍ 1500 ഏക്കര്‍ നെല്‍കൃഷി ചെയ്യുവാനും തോട്ടറ ബ്രാന്‍ഡ് അരി വിപണിയിലെത്തിക്കാനും സി.എസ്.ആര്‍ പദ്ധതിയില്‍ ധനസഹായം നല്‍കി. എല്ലാവര്‍ഷവും തോട്ടറ പുഞ്ചയിലെ കൃഷിക്ക് സഹായം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഉദയംപേരൂര്‍ ബോട്ടിലിങ് പ്ലാന്റിന് പരിസ്ഥിതി സംരക്ഷണത്തിനുള്ള ഐ.എസ്.ഒ 14001 അംഗീകാരവും ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം, സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള ഒ.എച്ച്.എസ് .എ.എസ് 18001 അംഗീകാരവും ഊര്‍ജ്ജ സംരക്ഷണത്തിനുള്ള ഐ.എസ്.ഒ 50001 അംഗീകാരവും ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഐ.എസ് .ഒ, ഒ.എച്ച്.എസ് സര്‍ട്ടിഫിക്കേഷനുകളിലൂടെ കൊച്ചി ബോട്ടിലിംഗ് പ്ലാന്റ് പരിസ്ഥിതിസംരക്ഷണത്തിലും ഊര്‍ജ്ജ സംരക്ഷണത്തിലും ആരോഗ്യസുരക്ഷാ പരിപാലനത്തിനും തങ്ങളുടെ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുതിയ മാതൃക സൃഷ്ടിക്കുകയാണ്. പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും പ്രാവര്‍ത്തികമാക്കുന്നതിലൂടെ പ്ലാന്റിന് അഭൂതപൂര്‍വമായ മികവ് കാഴ്ച്ചവയ്ക്കാന്‍ സാധിക്കും. ജനങ്ങളുടെയും പ്ലാന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും വിശ്വാസമാര്‍ജിക്കാന്‍ ഇത് സഹായകമാകും. ഊര്‍ജസംരക്ഷണത്തിനായി എല്‍.ഇ.ഡി ബള്‍ബുകളുടെ ഉപയോഗവും സൗരോര്‍ജ്ജ സംവിധാനങ്ങളുടെ ഉപയോഗവും ഊര്‍ജ്ജിതമാക്കും. ജലസംരക്ഷണത്തിനുള്ള സുപ്രധാന ചുവടുവെപ്പുകളും കമ്പനി നടത്തുകയാണ്. പ്ലാന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ പരിസ്ഥിതി, സുരക്ഷാ, ആരോഗ്യം, ഊര്‍ജ്ജ സംരക്ഷണം എന്നിവയെക്കുറിച്ച് സമഗ്രമായ അവബോധം ഉണ്ടാക്കുവാനും ഈ അംഗീകാരങ്ങള്‍ സഹായകമാണെന്നും അധികൃതര്‍ പറഞ്ഞു.
 
ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് ഡോ: ആര്‍. വേണുഗോപാല്‍, ഐ.ഒ.സി കേരളയുടെ എല്‍.പി.ജി വിഭാഗം ജനറല്‍ മാനേജര്‍ സി. രാജേന്ദ്ര കുമാര്‍, ഇന്ത്യന്‍ ഓയില്‍ സതേണ്‍ റീജിയന്‍ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ സബിത നടരാജ്, ഉദയംപേരൂര്‍ ബോട്ടിലിങ് പ്ലാന്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.സാബു തുടങ്ങിയവര്‍ പങ്കെടുത്തു.