Thursday 21st of March 2019

ഏഴിക്കര പഞ്ചായത്തില്‍ ജനസമ്പര്‍ക്ക പരിപാടി: ഭുവനേശ്വരി റോഡ് നിര്‍മ്മാണം ഉടനാരംഭിക്കും

Category: Ernakulam Published: Friday, 10 August 2018
പറവൂര്‍: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ വകുപ്പുതല വിജിലന്‍സ് വാരാചരണം നടത്തുന്നതിന്റെ ഭാഗമായി ഏഴിക്കര പഞ്ചായത്തില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ പത്ത് അപേക്ഷകള്‍ ലഭിച്ചു. നേരത്തെ ലഭ്യമായ നാല് പരാതികളും അദാലത്തില്‍ പരിഗണിച്ചു. ഏഴിക്കര ഭുവനേശ്വരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ റീടെന്‍ഡര്‍ നടത്തി ഉടന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ അദാലത്ത് തീരുമാനിച്ചു. റോഡിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് മോഹനന്‍ തെക്കേഓളിയില്‍ നല്‍കിയ പരാതിയിലാണ് തീരുമാനം.  
തെരുവു നായ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടാണ് 85 കാരി നബീസ എത്തിയത്. ഭിന്നശേഷിയുള്ള 28 വയസുള്ള പേരക്കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തെരുവുനായകള്‍ മൂലം ബുദ്ധിമുട്ടുകയാണെന്ന് പരാതിയിലുണ്ട്. കുട്ടികളോടൊപ്പം നടക്കുമ്പോള്‍ നായകള്‍ ഓടിക്കുന്നു. ഉടന്‍ തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കാനും പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചു. സ്വകാര്യ വ്യക്തികള്‍ വളര്‍ത്തുന്ന നായകളാണെങ്കില്‍ അവയെ നിയന്ത്രിക്കാന്‍ ആവശ്യപ്പെടാനും അദാലത്ത് തീരുമാനിച്ചു. തെരുവുനായ്ക്കളെ എബിസി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ധ്യംകരണം നടത്തുന്നതിനുള്ള മുഴുവന്‍ ചെലവും പഞ്ചായത്ത് വഹിക്കും. പറവൂര്‍ മുനിസിപ്പാലിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോളി ക്ലിനിക്കില്‍ പഞ്ചായത്ത് പരിധിയില്‍ നിന്നുള്ള നായകളെ ഏറ്റെടുക്കാനുള്ള സാധ്യതയും പരിശോധിക്കും. തോട് മൂടി നീരൊഴുക്ക് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട രണ്ട് പരാതികളില്‍ എതിര്‍ കക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് നോട്ടീസ് അയച്ച് വിളിക്കാന്‍ തീരുമാനിച്ചു. ഈ പരാതി പരിഗണിക്കുന്നത് ഓഗസ്റ്റ് 21 ലേക്ക് മാറ്റി. 2010 - 15 പദ്ധതി കാലത്ത് റോഡ് റീ ടാറിംഗ് ചെയ്തതുമായി ബന്ധപ്പെട്ട് പരാതിയില്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ പരാതിക്കാരന് മറുപടി നല്‍കും. 
 
സ്വകാര്യ വ്യക്തി കോഴി വളര്‍ത്തുന്നതിനെ തുടര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ലഭിച്ച പരാതിയില്‍ എതിര്‍ കക്ഷിക്ക് നിശ്ചിത സമയം നല്‍കി പരാതി പരിഹരിക്കണമെന്ന് പഞ്ചായത്ത് നിര്‍ദേശിച്ചു. ഇവര്‍ അടുക്കള മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതും ദുര്‍ഗന്ധത്തിന് കാരണമാകുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. തീരദേശ പരിപാലന മേഖലയായതിനാല്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുകയാണെന്നും വീട്ടുനമ്പര്‍ കിട്ടുന്നില്ലെന്ന പരാതിയില്‍ എല്‍എല്‍എംസി ശുപാര്‍ശ അനുസരിച്ച് ആര്‍ഡിഒക്ക് തീരുമാനമെടുക്കാന്‍ വിട്ടു നല്‍കി. മുന്‍പ് ഏഴിക്കരയില്‍ താമസിച്ചിരുന്നതും ഇപ്പോള്‍ ചിറ്റാറ്റുകര പഞ്ചായത്തില്‍ താമസിക്കുന്നതുമായ ശ്രീദേവി വിജയന്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായാണ് അദാലത്തില്‍ എത്തിയത്. രണ്ട് പഞ്ചായത്തുകളിലും അപേക്ഷ നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകളില്‍ ഏഴിക്കര പഞ്ചായത്തിലെ വിവരങ്ങളാണുള്ളത്. അതിനാല്‍ പഞ്ചായത്തിലെ അടുത്ത ഗ്രാമസഭയില്‍ ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ നല്‍കാന്‍ അദാലത്ത് നിര്‍ദേശിച്ചു. പതിനൊന്നാം വാര്‍ഡിലെ തോടിന്റെ വശങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതിനെ തുടര്‍ന്ന് പി.കെ മോഹനന്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിച്ചു. പരാതിക്കാരന്റെ ഭൂമിയിലെ തോടായതിനാല്‍ പഞ്ചായത്തിന് സ്ഥലം വിട്ടു നല്‍കുന്നതനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടിന്റെ ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി കെട്ടും. 
ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള അദാലത്ത്, അതിവേഗ സേവനങ്ങള്‍, ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങളുടെ ഗുണനിലവാരത്തിന്മേലുള്ള സോഷ്യല്‍ ഓഡിറ്റ്, പൊതുവായി പഞ്ചായത്ത് മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്നിവയാണ് അദാലത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിഷയങ്ങള്‍. മുന്‍കാലങ്ങളില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളിലും പരാതികളിലും തീരുമാനമെടുക്കാത്ത വിഷയങ്ങള്‍, പൊതുപ്രശ്‌നങ്ങളില്‍ പഞ്ചായത്ത് നടപടി സ്വീകരിക്കേണ്ട വിഷയങ്ങളിലുള്ള പരാതികള്‍, സേവന ലഭിച്ചതിലെ ആക്ഷേപങ്ങള്‍ തുടങ്ങിയവ പരിപാടിയില്‍ രേഖാമൂലം സമര്‍പ്പിക്കാം. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ രാജ്, പഞ്ചായത്ത് അംഗങ്ങളായ കെ മോഹനന്‍, ഷീബ സൈലേഷ്, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു സി.ടി, ഹെഡ് ക്ലാര്‍ക്ക് മൈക്കിള്‍ കെ.എഫ്, ക്ലാര്‍ക്ക് പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജനസമ്പര്‍ക്ക പരിപാടി നടന്നത്. പറവൂര്‍ ബ്ലോക്കിലെ മറ്റ് ഗ്രാമപഞ്ചായത്തുകളായ ചേന്ദമംഗലം, ചിറ്റാറ്റുകര, കോട്ടുവള്ളി, വടക്കേക്കര എന്നിവിടങ്ങളില്‍ ഈ മാസം 13 ന് ജനസമ്പര്‍ക്ക പരിപാടികള്‍ നടക്കും.