Wednesday 17th of October 2018

മുലയൂട്ടല്‍ വാരാചരണം നടത്തി

Category: Ernakulam Published: Friday, 10 August 2018
വടവുകോട്: മുലയൂട്ടലിന്റെ പ്രാധാന്യവും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടു കൊണ്ടുള്ള ലോകാരോഗ്യസംഘടനയുടെ മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റയും വനിതാ ശിശു വികസന വകുപ്പിന്റെയും ഐ സി ഡി എസ്സിന്റെയും സംയുക്ത ആമുഖ്യത്തില്‍ മുലയൂട്ടല്‍ വാരാചരണം നടത്തി.  വടവുകോട് ബ്ലോക്ക്  പഞ്ചായത്ത്  ഹാളില്‍ ചേര്‍ന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. 
 
മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ ഔഷധക്കഞ്ഞി വിതരണവും നടത്തി. അമ്മിഞ്ഞ പാലിന്റെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് നാട്ടറിവ് വിദഗ്ധ ലക്ഷ്മിക്കുട്ടിഅമ്മ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു. അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെ ആരോഗ്യം. അമ്മയുടെ പോഷക ഗുണങ്ങളാണ് കുഞ്ഞിന് ലഭിക്കുന്നത്. ആറുമാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കേണ്ടതിന്റെ പ്രാധാന്യവും ക്ലാസ്സില്‍ വിവരിച്ചു. കുഞ്ഞുങ്ങള്‍ക്കു പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കണം. കുട്ടികളെ വൃത്തിയായി നോക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ലക്ഷ്മിക്കുട്ടിയമ്മ വിവരിച്ചു.
 
മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തില്‍ തയ്യാറാക്കിയ ഫീഡിങ് റൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്കില്‍ വിവിധ ആവശ്യങ്ങള്‍ക്കും അല്ലാതെയും എത്തുന്ന കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് സൗകര്യപ്രദമാം വിധമാണ് ഫീഡിങ് റൂം നിര്‍മ്മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിനോട് ചേര്‍ന്ന ഒരു മുറിയാണ് ഫീഡിങിന് സൗകര്യപ്രദമാം വിധം ഒരുക്കിയിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും നല്‍കേണ്ട ഭക്ഷണ ക്രമവും തയ്യാറാക്കുന്ന വിധവും സംബന്ധിച്ച് പഞ്ചായത്ത് ഹാളില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. കുഞ്ഞിന് ഇത്തരം സമീകൃതാഹാരം കൊണ്ടുണ്ടാകുന്ന ഗുണങ്ങളും പ്രദര്‍ശനത്തില്‍ വിവരിക്കുന്നുണ്ട്. മുലയൂട്ടല്‍ ജീവന്റെ അടിസ്ഥാനം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നു മുതല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിരവധി കലാപരിപാടികള്‍ സംഘടിപ്പിച്ചു. അംഗനവാടി ജീവനക്കാരുടെ സ്‌കിറ്റ്, തിരുവാതിര, നാടന്‍ പാട്ട്, ബേബി ഷോ, കിസ് പരിപാടികള്‍, ഉപന്യാസ രചന മത്സരം, കവിതാപാരായണം, പോസ്റ്റര്‍ നിര്‍മ്മാണം, ഹെല്‍ത്തി ബേബി കോണ്‍ണ്ടസ്റ്റ് എന്നിങ്ങനെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനീഷ് പുല്യാട്ടേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് അംഗങ്ങളായ കെ.കെ രമേഷ്, ഷൈജ അനില്‍, ഷൈജി ശിവാജി, ഗീത സുകുമാരന്‍, അമ്പിളി ഷിബു, ലതാ സോമന്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ പ്രീത സി എന്നിവര്‍ പങ്കെടുത്തു