Tuesday 17th of July 2018

സഹകരണ ദിനം: ജില്ലാതല ആഘോഷം

Category: Ernakulam Published: Thursday, 12 July 2018
കൊച്ചി: അന്തര്‍ ദേശീയ സഹകരണ ദിനത്തിന്റെ ജില്ലാതല ആഘോഷം ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. താഴെത്തട്ടിലുള്ള ജനങ്ങളുടെ അത്താണിയായി സഹകരണ പ്രസ്ഥാനങ്ങള്‍ മാറണമെന്ന് എം.എല്‍.എ. പറഞ്ഞു. സഹകരണ സംഘങ്ങള്‍ നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും സര്‍ക്കാരുകളുടെ ആവശ്യമാണ്. സര്‍ക്കാരുകള്‍ മാറി വരുമ്പോഴും സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ദൂഷ്യമായ തീരുമാനങ്ങള്‍ എടുക്കാറില്ല. നോട്ട് നിരോധനം വന്നപ്പോള്‍ ചില രാഷ്ട്രീയ കക്ഷികള്‍ സഹകരണ മേഖലയെ തകര്‍ക്കുന്ന കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. സഹകരണ ബാങ്കുകളില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന പ്രചരണം വരെവന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങളിലൂടെ അതിനെ മറികടക്കാന്‍ ശ്രമിച്ചു. കള്ളപ്രചരണങ്ങള്‍ അസ്ഥാനത്താകുകയും ജനങ്ങള്‍ക്ക് പണമിടപാടില്‍ സുരക്ഷിതത്വം നല്‍കാനും കഴിഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ ഇതുവരെ നിലനിന്നിരുന്നത് ജനങ്ങളുടെ വിശ്വാസമാണ്. നാടിന്റെ ആവശ്യമായ സഹകരണ പ്രസ്ഥാനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ യോജിച്ചു മുന്നോട്ടുപോകണമെന്നും എം.എല്‍.എ. അഭിപ്രായപ്പെട്ടു. 
     ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മുന്‍ എം.എല്‍.എ. എം. എം. മോനായി പ്രബന്ധാവതരണം നടത്തി. സഹകരണം ഒരു ചൈതന്യമാണ്. സഹകരണത്തില്‍ സ്വാര്‍ത്ഥതയുടെ വ്യാപാരമല്ല നടത്തേണ്ടത്. മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ സഹകരണ സംഘംങ്ങള്‍ ഉള്‍പ്പെടാന്‍ പാടില്ല. സഹകരണത്തിന്റെ മൗലികമായ വ്യത്യാസം ലാഭത്തിലുള്ള അനിയന്ത്രിതമായ ആഗ്രഹമില്ലായ്മയാണ്. വ്യവസായിക വിപ്ലവത്തിന്റെ കെടുതികളില്‍ നിന്നാണ് സഹകരണം ഉണ്ടാകുന്നത്. സഹകരണം എന്നത് സവിശേഷ വ്യാപാര രീതിയാണ്. സമൂഹത്തിന്റെ കാര്യങ്ങള്‍ കണക്കിലെടുക്കന്നു എന്നതാണ് സഹകരണം മുതലാളിത്തത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ലോകത്തിന്റെ സാമ്പത്തിക ക്രമങ്ങള്‍ നമ്മള്‍ അറിയാത്ത പലരുടെയും ചരടുകളില്‍ നിയന്ത്രിതമാണ്. കുത്തകകള്‍ സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ വരെ ഇടപെട്ടു പ്രവര്‍ത്തിക്കുന്നു. ഇത് അപകടങ്ങളുടെ സൂചനയാണ് നല്‍കുന്നത്. ഇത്തരം സാഹചര്യങ്ങളിലാണ് സഹകരണ സംഘങ്ങള്‍ക്ക് പ്രാധാന്യം കൂടുന്നതെന്നും എം. എം. മോനായി പറഞ്ഞു.
    മുന്‍ എംഎല്‍ എ ബാബു പോള്‍ അധ്യക്ഷനായി. എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ലൈല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, വടക്കേക്കര സഹകരണ സംഘം പ്രസിഡന്റ് ടി. ആര്‍. ബോസ്, ദേശീയ സഹകരണ ഫെഡറേഷന്‍ അംഗം കെ. പി. ബേബി, കണയന്നൂര്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എം. ഇ. ഹസൈനാര്‍, അസി. രജിസ്ട്രാര്‍ പി. ജി. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.