Sunday 23rd of September 2018

50 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് ആദരം

Category: Ernakulam Published: Thursday, 12 July 2018
കൊച്ചി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആദരം 2018 എന്ന പേരില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെ ആദരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോതമംഗലം ബ്ലോക്കിന് കീഴിലുള്ള 10 പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും 262 ദമ്പതിമാരെയാണ് ചടങ്ങില്‍ ആദരിച്ചത്. ആന്റണി ജോണ്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.  
     ബ്ലോക്ക് തലങ്ങളില്‍ നടക്കുന്ന ആദരം 2018ലൂടെ വിപുലമായ പദ്ധതികളാണ് സ്‌നേഹിത വിഭാവനം ചെയ്യുന്നത്. കുടുംബങ്ങളിലും സമൂഹത്തിലും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവയെ പ്രതിരോധിക്കാനും അവരുടെ ഇടക്കാല താമസം, ഭക്ഷണം, വസ്ത്രം, നിയമ സഹായം എന്നിവ നല്‍കാനും അതുവഴി അവര്‍ക്ക് എല്ലാവിധ പിന്തുണ നല്‍കാനും ആയി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്‌നേഹിത. സ്‌നേഹിതയില്‍ ലഭിക്കുന്ന കേസുകളില്‍ കൂടുതലും കുടുംബ പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നവയാണ്. കുടുംബ ജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്ന പ്രശ്‌നങ്ങള്‍ക്ക് തങ്ങളെക്കൊണ്ട് കഴിയുന്ന വിധം തടയിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ആദരം 2018 പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്.  
      കവളങ്ങാട് ഗ്രാമപഞ്ചായത്ത് സിഡിഎസിന്റ നേതൃത്വത്തില്‍ നടത്തുന്ന 'തുണ' പദ്ധതിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.  കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉലഹന്നാന്‍ ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വ്യക്തികള്‍ക്ക് പിന്തുണ നല്‍കുന്നതിനുവേണ്ടി സിഡിഎസ് ആരംഭിച്ച പദ്ധതിയാണ് തുണ. വയോജന അവകാശ നിയമത്തിനെ കുറിച്ച് സ്‌നേഹിത കൗണ്‍സിലര്‍ കവിത ഗോവിന്ദ് സംസാരിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ രാഗേഷ് ആര്‍. ആമുഖ വിവരണം നടത്തി. പ്രശസ്ത സിനിമാ - സീരിയല്‍ താരം ഉണ്ണി എസ്. നായര്‍ മുഖ്യാതിഥിയായിരുന്നു. കവലങ്ങാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ആന്‍സി ബിനോയ്, ഷാജി അലക്‌സ്,  വര്‍ഗീസ് എബ്രഹാം, ജോഷി കുര്യാക്കോസ്, ജസ്റ്റിന്‍ ജോസഫ്, റീന എല്‍ദോ, ജാന്‍സി തോമസ്, ലിസി സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സി ഡിഎസ് ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.