Wednesday 19th of September 2018

കോട്ടൂര്‍ ആന പരിപാലന കേന്ദ്രം അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും

Category: Ernakulam
Published: Wednesday, 19 September 2018
എറണാകുളം : കോട്ടൂരിലുള്ള ആന പരിപാലന കേന്ദ്രം  അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനായി വനം വകുപ്പും ഭവന നിര്‍മ്മാണ ബോര്‍ഡും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. റവന്യു - ഭവന നിര്‍മ്മാണ മന്ത്രി ഇ.ചന്ദ്രശേഖറും വനം മന്ത്രി അഡ്വ. കെ. രാജുവും ധാരണാപത്രം കൈമാറി. കിഫ്ബിയില്‍ നിന്നുള്ള 105 കോടി ഉള്‍പ്പെടെ  ആകെ 113 കോടി രൂപ ചെലവഴിച്ചാണ് കോട്ടൂര്‍ ആനപരിപാലന കേന്ദ്രം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. 
 
കാട്ടാനകളെ ഒറ്റയായും കൂട്ടമായും പാര്‍പ്പിക്കുവാനുള്ള എന്‍ക്‌ളോഷറുകള്‍, കുട്ടിയാനകള്‍ക്കുള്ള പ്രത്യേക പരിചരണ കേന്ദ്രം, മഴവെള്ളം ശേഖരിക്കുവാനുള്ള വലിയകുളങ്ങള്‍, വെറ്റിനറി ഹോസ്പിറ്റല്‍, ആഫീസ് സമുച്ചയം, പാപ്പാന്‍മാര്‍ക്കുള്ള പരിശീലനകേന്ദ്രം, ആനമ്യൂസിയം, ബയോളജിക്കല്‍ പാര്‍ക്ക്, ആനപാപ്പാന്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍, ആനക്കുള്ള ഭക്ഷണശാല, നെയ്യാര്‍ റിസര്‍വ്വോയറിന്റ 'ഭാഗമായ ജലാശയം, ജലാശയത്തില്‍ വിഹരിക്കുന്ന ആനകളെ വീക്ഷിക്കുന്നതിന് സന്ദര്‍ശകര്‍ക്കുള്ള സൗകര്യം, സന്ദര്‍ശകര്‍ക്കുള്ള 'ഭക്ഷണശാല, ടോയ്‌ലറ്റ് ബ്‌ളോക്ക്, പാര്‍ക്കിംങ് സൗകര്യം, സന്ദര്‍ശകര്‍ക്കുള്ള താമസസൗകര്യം, ഗാര്‍ഡന്‍ നിര്‍മ്മാണം, വൃക്ഷവല്‍ക്കരണം എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ കേന്ദ്രം. 50 ആനകളെ വരെ പാര്‍പ്പിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും.
 
തിരുവനന്തപുരം ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ്, ആര്‍.റ്റി.എഫ്. ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതി നടത്തിപ്പിനാവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നെയ്യാര്‍- പേപ്പാറ വനവികസന ഏജന്‍സിയാണ് പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. സംസ്ഥാന വന നിര്‍മ്മാണ ബോര്‍ഡിനെയാണ് പദ്ധതിയുടെ നിര്‍വ്വഹണചുമതല (പ്രോജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്) ഏല്‍പ്പിച്ചിരിക്കുന്നത്. പ്രോജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭവന നിര്‍മ്മാണ ബോര്‍ഡും വനം വകുപ്പ് ഏജന്‍സിയും വിശദമായ ചര്‍ച്ചയും സ്ഥലപരിശോധനയും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഡിസംബറില്‍ ആരംഭിച്ച് 2020 ഒക്‌ടോബറില്‍ പണികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 
റവന്യു മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ കെ.എസ്. ശബരിനാഥന്‍ എം.എല്‍.എ., ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് , ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.