Saturday 21st of April 2018

മാവോയിസം പ്രസക്തിയില്ലാത്ത കോമാളിത്തം - എസ്.ഹരീഷ് / കെ.എസ്.ശൈലേന്ദ്രന്‍

Category: Coverstory
Published: Thursday, 25 June 2015
[പോയവര്‍ഷം മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കഥകളിലൊന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എസ്.ഹരീഷിന്റെ മാവോയിസ്റ്റ്. ഹരീഷിന്റെ ഒന്‍പത് കഥകളുടെ സമാഹാരമായ ആദം ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നും. ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹരീഷ് തന്റെ രണ്ടാമത്തെ പുസ്തകവുമായി നമുക്ക് മുന്നിലേക്ക് വരുന്നത്. എഴുത്ത് കേമമാക്കാന്‍ വല്ലപ്പോഴുമെഴുതിയാല്‍ മതി എന്നു ചിന്തിച്ചുണ്ടാക്കിയ അകലമല്ല അതെന്ന മുഖവുരയോടെയാണ് ഹരീഷ് തന്റെ പുതിയ കഥകള്‍ അവതരിപ്പിക്കുന്നത്. പെരും നുണക്കഥകളിലും സങ്കല്‍പങ്ങളിലും മായക്കാഴ്ചകളിലും ഭ്രാന്തിലും ജീവിച്ച് കഥകളുടെ കെണിയില്‍പെട്ട് കഴിയുന്ന മനുഷ്യരാണ് തന്റെ ഊര്‍ജവും അസംസ്‌കൃതപദാര്‍ത്ഥവുമെന്ന് ഹരീഷ് തന്നെ പറയുന്നുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് ലഭിച്ച 'രസവിദ്യയുടെ ചരിത്ര'മാണ് ആദ്യ കഥാസമാഹാരം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ  മികച്ച എഴുത്തുകാരനുള്ള പുരസ്‌കാരം ഹരീഷിനായിരുന്നു. തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരവും നേടിയിട്ടുണ്ട്. ഹരീഷ് കേരള ന്യൂസുമായി സംസാരിക്കുന്നു.]
 
 
ഹരീഷിന്റെ ഓരോ കഥാപാത്രങ്ങളും ഓരോ കഥകളാണെന്ന് തോന്നിയിട്ടുണ്ട്. അത്രയേറെ ആഴങ്ങളില്‍ വേരുകളുള്ളവരാണവര്‍ ഓരോരുത്തരും. ഇത്ര മിഴിവോടെയുള്ള പാത്രസൃഷ്ടിക്കു പിന്നിലെ രസക്കൂട്ട് എങ്ങനെയാണ്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമായി യാത്ര ചെയ്യാറുണ്ടോ?
സാഹിത്യബന്ധമുള്ള സുഹൃത്തുക്കള്‍ എനിക്ക് പൊതുവെ കുറവാണെന്ന് പറയാം. സാധാരണക്കാരാണ് എന്റെ മിക്ക കൂട്ടുകാരും. നമ്മെ അതിശയിപ്പിക്കുന്ന കഥകളുള്ളവരാണ് അവരേറെയും. ചില കാര്യങ്ങള്‍ കൂടുതല്‍ അറിയാനായി യാത്ര ചെയ്യാറുണ്ട്. എഴുതുന്നതിനു മുന്‍പ് സുഹൃത്തുക്കള്‍ വഴിയും മറ്റും ചെറിയ അന്വേഷണങ്ങളും നടത്താറുണ്ട്. ഒരു പുരസ്‌കാര ചടങ്ങില്‍ മരണാസന്നനായാലും ഉടമയെത്തുന്നതുവരെ കാത്തുകിടക്കുന്ന നായ്ക്കളെക്കുറിച്ച് എം.എ.ബേബി എന്നോട് പറഞ്ഞിട്ടുണ്ട്. ആദം വായിച്ചിട്ടാണ് അദ്ദേഹമത് പറയുന്നത്. ഇങ്ങനെ പലരും പറയുന്ന കാര്യങ്ങള്‍ എഴുത്തില്‍ ഉപയോഗിക്കാറുണ്ട്.
 
ഓണ്‍ലൈന്‍ കൂടി പരിഗണിക്കുമ്പോള്‍ എഴുത്തിന്റെ ലോകം വലിയ മാറ്റങ്ങള്‍ക്കു വിധേയമായതായി തോന്നാറില്ലേ
പ്രസാധകന്റെ കൃപയ്ക്കു കാത്തുനില്‍ക്കാതെ ആര്‍ക്കും എന്തും പ്രസിദ്ധീകരിക്കാമെന്ന ഒരു അവസ്ഥ വന്നിട്ടുണ്ട്. പക്ഷെ ഓണ്‍ലൈനില്‍ എഴുതപ്പെടുന്നതൊക്കെ എത്രമാത്രം വായിക്കപ്പെടുന്നുണ്ടെന്ന് സംശയമുണ്ട്. വായിക്കാതെ തന്നെ വായിച്ചുവെന്ന നാട്യത്തില്‍ ലൈക്ക് ചെയ്യുന്നവരേറെയുണ്ട്. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കഥകളും കവിതകളുമൊക്കെ അധികം വായിക്കപ്പെടാറില്ല എന്നാണ് നമ്മുടെ പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെയൊക്കെ നിരീക്ഷണം. എഴുത്തിന്റെ ലോകത്ത് ഓണ്‍ലൈന്‍ വലിയ സാധ്യതയാണ് തുറന്നിടുന്നത്. അത് എത്രമാത്രം പ്രയോജനപ്പെടുത്തുന്നുവെന്നതാണ് പ്രശ്‌നം.
 
അപ്പന്‍ വലിയതോതില്‍ വായിക്കപ്പെട്ടുവല്ലോ. വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ ?
കുറേക്കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്.
 
ഷെരീഫിന്റെ വര ഒരിക്കലും മറക്കാന്‍ കഴിയില്ല
അപ്പന്‍സാറുമായി വ്യക്തിപരമായി അടുപ്പമുള്ളയാളായിരുന്നു ഷെരീഫ്. അത് വരകളില്‍ അറിയാം. എം.പി.അപ്പന്റെ കൈപ്പടയ്ക്ക് സമാനമായാണ് അപ്പന്‍ എന്ന ടൈറ്റില്‍ ഷെരീഫ് തയ്യാറാക്കിയത്. പുസ്തക അലമാരയിലേക്ക് തിരിഞ്ഞുനില്‍ക്കുന്ന അപ്പന്റെ ചിത്രം ഷെരീഫിനു മാത്രം വരയ്ക്കാന്‍ കഴിയുന്ന ഒന്നാണ്.
 
കറുത്ത ഫലിതം കഥകളില്‍ സമൃദ്ധമായുണ്ടല്ലോ?
ഹാസ്യം സൃഷ്ടിക്കാന്‍ പ്രയാസമാണെന്ന് പറയാറുണ്ട്. എനിക്ക് ഹാസ്യം ഒഴിവാക്കാനാണ് പ്രയാസം. ജീവിതത്തില്‍ നിന്നുണ്ടാകുന്നതാണത്. അടുത്തിടെ ഒരു നേതാവിന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുത്തു. ബന്ധുക്കളൊക്കെ ഈറനുടുത്ത് കര്‍മം ചെയ്യുകയാണ്. അണികള്‍ ചുറ്റും നിന്ന് മുദ്രാവാക്യം വിളിച്ചു. ഇല്ല, ഇല്ല, മരിച്ചിട്ടില്ല. ബന്ധുക്കളിലൊരാള്‍ ഉടുത്തിരുന്ന തോര്‍ത്തൂരി അണികള്‍ക്കു കൊടുത്തു. എന്നാപ്പിനെ ഞങ്ങളെന്തിനാ കര്‍മം ചെയ്യുന്നത് എന്നൊരു ചോദ്യവും.
 
കാവ്യമേളയില്‍ അന്ധന്‍മാരുടെ  ലോകം വളരെ സൂക്ഷ്മമായി വിവരിക്കുന്നുണ്ടല്ലോ?
മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ താമസിച്ചിട്ടുണ്ട് ഞാന്‍. അന്നവിടെ ഗ്രൗണ്ട് ഫ്‌ളോറില്‍ കുറച്ച് കണ്ണുകാണാത്തവര്‍ താമസിച്ചിരുന്നു. രാത്രി പന്ത്രണ്ടു മണിക്കൊക്കെ ചായ കുടിക്കാന്‍ പോകും അവര്‍. അങ്ങനെ നില്‍ക്കുമ്പോ ഒരാള്‍ ചോദിക്കും, നമുക്ക് തിരുവനന്തപുരത്ത് പോയി ചായ കുടിച്ചാലെന്താ എന്നൊക്കെ. ട്രെയിനിലൊക്കെ ഫ്രീ പാസല്ലേ. അവര്‍ തിരുവനന്തപുരത്ത് പോയി ചായകുടിച്ച് മടങ്ങിവരും. മറൈന്‍ ഡ്രൈവിലൊക്കെ പോയിരുന്ന് പ്രണയിക്കും അവര്‍. അവര്‍ക്ക് എല്ലാ സ്ഥലവും ഒരു പോലല്ലേ. എല്ലാ ദിവസവും. അവര്‍ക്ക് അങ്ങനെയൊരു സമാന്തരജീവിതമുണ്ട്.
"മാവോയിസ്റ്റ്" ഹരീഷിന്റെ വളരെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു കഥയല്ലേ. അതിലൂടെ മുന്നോട്ടു വയ്ക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയമെന്താണ് ?
അതൊരു കഥ മാത്രമാണ്. കേരളത്തില്‍ മാവോയിസമെന്നത് ഒരു കോമാളിത്തമായിട്ടേ എനിക്കു തോന്നിയിട്ടുള്ളൂ. അതിന് യാതൊരു പ്രസക്തിയുമില്ല. കുറച്ചു കഴിഞ്ഞാല്‍ അത് ഫാസിസമായി മാറും. അധികാരം കിട്ടിയാല്‍ സ്റ്റാലിനുമപ്പുറമായിരിക്കും ഇവര്‍. വെറുമൊരു മൃഗം വിചാരിച്ചാലും സമൂഹത്തില്‍ കുറേ കാര്യങ്ങള്‍ക്കൊക്കെ മാറ്റം വരുത്താന്‍ സാധിക്കും. അതാണ് മാവോയിസ്റ്റ് എന്ന കഥ. തമ്മില്‍ ഭേദം ജനാധിപത്യമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
 
ആദം-- ആദ്യകൃതിയില്‍ നിന്നും ഒന്‍പതുവര്‍ഷങ്ങള്‍ക്കുശേഷമാണ് പുറത്തുവരുന്നത്. നീണ്ട ഇടവേള?
അതങ്ങനെ സംഭവിച്ചു. എഴുതിയതൊക്കെ ഞാന്‍തന്നെ വായിച്ചുനോക്കും. പ്രസിദ്ധീകരിക്കണമെന്ന് തോന്നിയില്ല. ഒരു നോവല്‍ എഴുതണമെന്ന് ആഗ്രഹമുണ്ട്. അറിയില്ല എന്താണ് സംഭവിക്കുകയെന്ന്.
 
വായന? ഇഷ്ട എഴുത്തുകാരന്‍?
രാഷ്ട്രീയം, മതം, ചരിത്രം ഇവയൊക്കെയാണ് മുന്‍പേയുള്ള വായനയിലെ താത്പര്യങ്ങള്‍. പെറുവിയന്‍ എഴുത്തുകാരന്‍ യോസയെ ഇഷ്ടമാണ്. പെറുവിയന്‍ രാഷ്ട്രീയത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമൊക്കെയുള്ള യോസയുടെ കാഴ്ചപ്പാടുകള്‍ ഇഷ്ടമാണ്. ഇറാഖില്‍ അമേരിക്കയുടെ ഇടപെടലിനെക്കുറിച്ചൊക്കെ തികച്ചും വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. 
 
സമകാലീനരായ എഴുത്തുകാര്‍?
സുഭാഷ്ചന്ദ്രനെയും പ്രവീണ്‍ ചന്ദ്രനെയും വി.ജെ.ജയിംസിനെയും ആര്‍.ഉണ്ണിയെയുമൊക്കെ ഇഷ്ടമാണ്. ഉണ്ണിയുടെ എഴുത്തിലെ കോട്ടയം ഭാഷയൊക്കെ എനിക്ക് ഏറെ ധൈര്യം നല്‍കിയിട്ടുണ്ട്.